ഐക്കരപ്പടിയിലെ കഞ്ചാവ് വേട്ട; പ്രതികള്‍ റിമാന്‍ഡില്‍
text_fieldsഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍നിന്ന് കൊണ്ടോട്ടി പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് ശേഖരത്തിനൊപ്പം അറസ്റ്റിലായ പ്രതികള്‍
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ അറസ്റ്റിലായ ഫറോക്ക് പെരുമുഖം സ്വദേശികളായ പാണാര്കണ്ടി സോനു (ജിബിന്‍ -28), കളവയല്‍ പറമ്പ് ജാസില്‍ അമീന് (23), പുളിക്കല്‍ പെരിയമ്പലം സ്വദേശി പടന്നയില്‍ വീട്ടില്‍ ഷഫീഖ് (31) എന്നിവര്‍ക്ക് കഞ്ചാവ് ലഭിച്ച ഉറവിടവും ഇവരുടെ ലഹരി വില്പന ശൃംഖലയിലുള്ളവരെയും കണ്ടെത്താനുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പിടിയിലായ ജിബിന്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ലഹരി കടത്ത്, മോഷണം, അടിപിടിയുള്പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കോഴിക്കോട് പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഷഫീഖിന്റെ പേരില്‍ കരിപ്പൂര്‍ സ്റ്റേഷനില്‍ ലഹരി കേസ് നിലവിലുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ ലഹരി മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് സംഘം വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ഐക്കരപ്പടി പേങ്ങാടുള്ള വാടക വീട് കേന്ദ്രീകരിച്ച് കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പരിശോധന നടത്തിയത്. ഈ സമയം പ്രതികള്‍ വീട്ടിലുണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് വന്‍തോതിലുള്ള കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.
ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി പി.കെ. സന്തോഷ്, ഇന്‍സ്പക്ടര്‍ പി.എം. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങളായ എസ്.ഐ വി. ജിഷില്‍, പി. സഞ്ജീവ്, രതീഷ് ഒളരിയന്‍, മുസ്തഫ, സുബ്രഹ്മണ്യന്, സബീഷ് എന്നിവരും കൊണ്ടോട്ടി സ്റ്റേഷനിലെ പൊലീസ് ഓഫിസര്‍മാരായ അബ്ദുല്ല ബാബു, അജിത് കുമാര്‍, പ്രിയ, സുബ്രമണ്യന്‍ എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.