മാലിന്യമുക്ത നവകേരളം; നവംബറിൽ യൂസർഫീ കലക്ഷൻ രണ്ടര കോടി കടന്നു
text_fieldsമലപ്പുറം: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നടക്കുന്ന ഡോർ ടു ഡോർ യൂസർഫീ കലക്ഷൻ ജില്ലയിൽ രണ്ട് കോടി രൂപ കടന്നു. നവംബർ മാസത്തെ കണക്ക് പ്രകാരം 2,72,13,402 രണ്ട് രൂപയാണ് ജില്ലയിൽ നിന്ന് ലഭിച്ചത്. ഏറ്റവും കൂടുതൽ യൂസർഫീ ലഭിച്ചത് പുറത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നാണ് -3,52,530 രൂപ (83.96 ശതമാനം). രണ്ടാം സ്ഥാനത്ത് പെരിന്തൽമണ്ണ നഗരസഭയാണ്. 9,50,600 രൂപയാണ് (83.40 ശതമാനം) ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിന്ന് 4,21,600 രൂപ (81.89 ശതമാനം) ലഭിച്ചു. ഹരിതകർമ സേനാംഗങ്ങളാണ് മാലിന്യം ശേഖരിച്ച് തരംതിരിച്ച് കയറ്റി അയക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്രശുചീകരണ പ്രവർത്തനങ്ങളാണ് ജില്ലയിൽ പുരോഗമിക്കുന്നത്. 94 പഞ്ചായത്തുകളും 12 മുനിസിപ്പാലിറ്റികളുമുൾപ്പെടെ മാലിന്യ സംസ്കരണത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. വലിച്ചെറിയൽ മുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ബിന്നുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ നടപ്പാക്കുന്നുണ്ട്.
മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കോർപ്പസ് ഫണ്ട് നൽകുന്നതുൾപ്പെടെയുള്ള വിവിധ പ്രോത്സാഹന നടപടികളും സ്വീകരിക്കുണ്ട്. ഹരിത കർമസേനക്ക് യൂസർഫീ നൽകാത്തവർക്കെതിരെയും മോശം പ്രചാരണം നടത്തുന്നവർക്കെതിരെയും പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനുമെതിരെ കേരള പഞ്ചായത്ത് രാജ്/മുനിസിപ്പൽ ഭേദഗതി നിയമ പ്രകാരം കർശന നടപടികൾ സ്വീകരിച്ചുവരുന്നതായും തദ്ദേശസ്വയംഭരണ വകുപ്പ് ജോയൻറ് ഡയറക്ടർ പ്രീതി മേനോൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.