ഫലസ്തീനിൽ വംശഹത്യ നടത്തുന്നത് ഭീകരരുടെ ലോകമുന്നണി -ഡോ. അബ്ദുസ്സലാം അഹ്മദ്
text_fieldsമലപ്പുറം: ഫലസ്തീൻ പോരാട്ടത്തോട് ഐക്യപ്പെട്ടും ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനും ഇന്ത്യയിൽ ഹിന്ദുത്വ ഭരണകൂടം നടത്തുന്ന വംശഹത്യക്കുമെതിരെ സോളിഡാരിറ്റി ജില്ല കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിരോധ റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ. ‘സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക’ തലക്കെട്ടിൽ നടന്ന റാലി കിഴക്കേതലയിൽ നിന്നാരംഭിച്ച് നഗരംചുറ്റി ടൗൺഹാൾ പരിസരത്ത് സമാപിച്ചു. ഇൻസ്റ്റലേഷനുകളും പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി റാലിയിൽ അണിനിരന്നവർ ഫലസ്തീൻ ഐക്യദാർഢ്യം തീർത്തു. ജില്ല പ്രസിഡന്റ് ഡോ. പി.പി. അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന്, ജില്ല ജനറൽ സെക്രട്ടറി അജ്മൽ കോഡൂർ, ജില്ല നേതാക്കളായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി, ജസീം സുൽത്താൻ, സൽമാനുൽ ഫാരിസ്, വാഹിദ് കോഡൂർ, ഹാരിസ് പടപ്പറമ്പ്, അമീൻ വേങ്ങര എന്നിവർ നേതൃത്വം നൽകി.
വംശീയ ഭീകരർ ഒന്നിച്ച ലോകമുന്നണിയാണ് ഫലസ്തീനിൽ വംശഹത്യ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതിയംഗം ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. ഇന്ത്യയടക്കം സഖ്യം ചേർന്ന ഈ വംശീയ കൂട്ടുകെട്ടിനെതിരെ ശബ്ദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോളിഡാരിറ്റി ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച യുവജന പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹമാസ് നേതാവ് ഖാലിദ് മിശ്അൽ ഓൺലൈൻ കോൺഫറൻസിലൂടെ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ഡൽഹിയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ മീർ ഫൈസൽ മുഖ്യാതിഥിയായി. നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്സിൻ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ഡോ. മുഹ്യുദ്ദീൻ ഖാസി, അഡ്വ. വി.ആർ. അനൂപ്, മാധ്യമപ്രവർത്തകൻ ബി.എസ്. ബാബുരാജ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്റ് സി.എച്ച്. സാജിദ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് കെ.പി. തഹ്സീൻ, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ടി. ജന്നത്ത് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള സമാപനവും നിർവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ. പി.പി. അബ്ദുൽ ബാസിത് സ്വാഗതവും പ്രോഗ്രാം കൺവീനർ സൽമാനുൽ ഫാരിസ് നന്ദിയും പറഞ്ഞു.
അൽ ജാമിയ വിദ്യാർഥി മിൻഹാൽ താജുദ്ദീൻ ഖിറാഅത് നടത്തി. പരിപാടിയിൽ സമീർ ബിൻസി, അമീൻ യാസിർ, എസ്.ഐ.ഒ അൽ ജാമിയ സംവേദന വേദി എന്നിവരുടെ കലാവിഷ്കാരങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.