കപ്പക്കച്ചവടത്തിനിറങ്ങി വൈറലായി; കലാം മുസ്ലിയാർക്ക് ഇനി സ്വന്തം വീട്
text_fieldsമലപ്പുറം: കഴിഞ്ഞ വർഷം ലോക്ഡൗണിനെ തുടർന്ന് ജീവിക്കാനായി തെരുവുകച്ചവടക്കാരനായ മദ്റസ അധ്യാപകൻ എ. അബ്ദുൽ കലാം മുസ്ലിയാർക്ക് സ്വപ്ന സാഫല്യമായി വീട്.
പത്തുവർഷം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിെല മദ്റസകളിലും പള്ളികളിലും ജോലി ചെയ്ത ഇദ്ദേഹം കപ്പക്കച്ചവടം ചെയ്യുന്ന വാർത്ത 'മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കാസർകോട് കുമ്പളയിൽ ജോലി ചെയ്യുന്നതിനിടെയാണ് ജോലി നഷ്ടമായത്. തുടർന്നാണ് കപ്പക്കച്ചവടത്തിനിറങ്ങിയത്. 'മാധ്യമം' വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇദ്ദേഹത്തിന് സഹായവുമായി നിരവധി പേർ എത്തി.
കോഡൂർ പഞ്ചായത്തിലെ മുണ്ടക്കോട് വലിയപറമ്പ് അംഗൻവാടിക്ക് സമീപം നാലേകാൽ സെൻറിലാണ് പുതിയ വീട്. സാമൂഹികപ്രവർത്തകൻ തൃശൂർ സ്വദേശി ഹക്കീം പഴയന്നൂരാണ് സ്ഥലം വാങ്ങാനും വീട് നിർമാണത്തിനും സഹായിച്ചത്. 950 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറി ഉൾപ്പെടുന്നതാണ് വീട്. മങ്കട വടക്കാങ്ങരയിൽ ഭാര്യയുടെ വീടിന് സമീപത്ത് വാടക വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ റമദാനിൽ തണ്ണിമത്തൻ, മാങ്ങ എന്നിവ വിൽപന നടത്തിയിരുന്നു. മദ്റസയും പള്ളിയും തുറക്കാത്തതിനാൽ ചട്ടിപ്പറമ്പിൽ ഫ്രൂട്സ് കച്ചവടം തുടങ്ങാനാണ് ആലോചന. റഹ്മത്തുന്നീസയാണ് ഭാര്യ. മുഹമ്മദ് മിഖ്ദാദ്, ഫാത്തിമ ലുലു എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.