ബിയ്യത്തെ സ്വർണക്കവർച്ച:കുതന്ത്രം മെനഞ്ഞ് പ്രതികൾ; പൊളിച്ചടുക്കി പൊലീസ്
text_fieldsപൊന്നാനി: ബിയ്യത്തെ പ്രവാസിയുടെ വീട്ടിൽനിന്ന് കവർച്ച നടത്തിയ 550 പവൻ സ്വർണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തെ വഴിതെറ്റിക്കാൻ പ്രതികൾ നടത്തിയ കുതന്ത്രങ്ങൾ പൊളിച്ചടക്കി പൊലീസ്. 438 പവൻ സ്വർണവും 29 ലക്ഷം രൂപയുമാണ് പൊലീസ് കണ്ടെടുത്തത്.
മോഷണമുതൽ സൂക്ഷിച്ച സ്ഥലത്തേക്ക് പൊലീസ് എത്താതിരിക്കാൻ പ്രതികൾ നിരവധി തവണയാണ് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിച്ചത്. പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയാണ് സ്വർണവും പണവും കണ്ടെടുക്കാനുള്ള അന്വേഷണമാരംഭിച്ചത്. മോഷണത്തിൽ പങ്കെടുത്ത സുഹൈലിനെയും നാസറിനെയും ചോദ്യംചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഒരാൾക്ക് സ്വർണം വിൽക്കാൻ നൽകിയിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞത്. പ്രതികൾ പറഞ്ഞ വ്യക്തിയെ കണ്ടെത്തി അന്വേഷിച്ചെങ്കിലും കളവാണെന്ന് ബോധ്യമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തമിഴ്നാട് സ്വദേശിയായ രണ്ടുപേർക്കാണ് നൽകിയതെന്നാണ് പറഞ്ഞത്. ഇതുപ്രകാരം പ്രഭു എന്നയാളെ കണ്ടെത്തുകയും ചോദ്യംചെയ്യുകയും ചെയ്തു. എന്നാൽ, ഇയാൾ കുറെ വർഷങ്ങളായി കുറ്റകൃത്യങ്ങളിലൊന്നുമില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. പ്രതികൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പൊലീസിന് ബോധ്യമായതോടെ ചോദ്യംചെയ്യലിന്‍റെ രീതി മാറ്റി.
ശാസ്ത്രീയമായ ചോദ്യംചെയ്യലിനൊടുവിലാണ് സുഹൈലിന്‍റെ ഭാര്യവീടിന്‍റെ തൊടിയിൽ സ്വർണവും പണവും കുഴിച്ചിട്ടതായി പ്രതികൾ സമ്മതിച്ചത്. മോഷണമുതൽ കണ്ടെത്താനായില്ലെങ്കിൽ വേഗത്തിൽ ജാമ്യത്തിലിറങ്ങാനാകുമെന്ന കണക്കുകൂട്ടലായിരുന്നു പ്രതികൾക്ക്. ജയിലിൽനിന്നിറങ്ങിയാൽ മോഷണമുതൽ വിറ്റ് ജീവിക്കാനുമായിരുന്നു പ്ലാൻ. ശാസ്ത്രീയ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ സ്ഥലം കാണിച്ചുകൊടുക്കേണ്ടിവരുകയായിരുന്നു. പ്രതികളുടെ തെറ്റിദ്ധരിപ്പിക്കലുകളൊയൊക്കെ മറികടന്ന് അഞ്ചു ദിവസംകൊണ്ടാണ് മോഷണമുതൽ കണ്ടെത്തിയത്.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥന്‍റെ നേതൃത്വത്തിൽ തിരൂർ ഡിവൈ.എസ്.പി ഇ. ബാലകൃഷ്ണൻ, പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, പോത്തുകല്ല് പൊലീസ് ഇൻസ്പെക്ടർ ദീപകുമാർ, പൊന്നാനി പൊലീസ്, ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള തിരൂർ, താനൂർ, കൊണ്ടോട്ടി, നിലമ്പൂർ, മലപ്പുറം എന്നീ സബ്ഡിവിഷനുകളിലെ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.