അടച്ചിട്ട വീട്ടിൽനിന്ന് 17പവൻ മോഷ്ടിച്ചു; ആറുപേർ അറസ്റ്റിൽ
text_fieldsമലപ്പുറം: കോഡൂരിൽ അടച്ചിട്ട വീട്ടിൽനിന്ന് 17 പവനോളം ആഭരണം മോഷണം പോയ കേസിൽ ആറുപേർ പിടിയിൽ. കോഡൂർ സ്വദേശികളായ തറയിൽ അബ്ദുൽ ജലീൽ (28), കടമ്പടത്തൊടി മുഹമ്മദ് ജസീം (20), പിച്ചമടയത്തിൽ ഹാഷിം (25), ഊരത്തൊടി റസൽ (19), പൊന്മള കിളിവായിൽ ശിവരാജ് (21), ഒതുക്കുങ്ങൽ ഉഴുന്നൻ മുഹമ്മദ് മുർഷിദ് (20) എന്നിവരാണ് പിടിയിലായത്.
കോഡൂർ സ്വദേശി നിസാറിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഇവർ കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് നിഗമനം. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി കണ്ടത്. പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. മോഷണം പോയതിൽ രണ്ട് വള മാത്രമാണ് കണ്ടെടുക്കാൻ സാധിച്ചത്. ബാക്കി സ്വർണം മലപ്പുറത്തെ വിവിധ സ്വർണക്കടകളിൽ വിറ്റതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അടുത്ത ദിവസം തെളിവെടുക്കും. ഇൻസ്പെക്ടർ ജോബി തോമസ്, എസ്.ഐ അമീറലി, പ്രബേഷൻ എസ്.ഐ മിഥുൻ, എസ്.ഐ അബ്ദുൽ നാസർ, ഗിരീഷ്, എ.എസ്.ഐ അജയൻ, സി.പി.ഒമാരായ ആർ. ഷഹേഷ്, കെ.കെ. ജസീർ, ദിനു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.