സർക്കാർ അവസാന ഗഡു നൽകിയില്ല; ജില്ല പഞ്ചായത്ത് പദ്ധതി താളം തെറ്റും
text_fieldsമലപ്പുറം: ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾക്ക് പണം നൽകാത്തതുമൂലമുള്ള നഷ്ടത്തിന് പുറമേ, ജില്ല പഞ്ചായത്തിന് ബജറ്റിൽ പ്രഖ്യാപിച്ച പണത്തിൽനിന്ന് അവസാന ഗഡു സർക്കാർ അനുവദിക്കാത്തതുമൂലം 21.13 കോടി രൂപയുടെ നഷ്ടമുണ്ടാവും. മെയിൻറനൻസ് ഗ്രാന്റ് നോൺ റോഡ് ഇനത്തിൽ 10.84 കോടി രൂപയും റോഡ് ഇനത്തിലുള്ള 10.29 കോടി രൂപയുമാണ് സർക്കാർ, ജില്ല പഞ്ചായത്തിന് നൽകാതിരുന്നത്. നോൺ റോഡ് മെയിൻറനൻസ് ഗ്രാൻഡ് ഇനത്തിൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത് 32.53 കോടി രൂപയാണെങ്കിലും സർക്കാർ അനുവദിച്ചത് 21.68 കോടി രൂപ മാത്രം. റോഡ് മെയിൻറനൻസ് ഗ്രാൻഡ് ഇനത്തിൽ വാഗ്ദാനം ചെയ്തത് 23.31കോടി രൂപയാണെങ്കിലും 13.01 കോടി രൂപ മാത്രമാണ് നൽകിയത്.
മുൻകാലങ്ങളിൽ അവസാന ഗഡു തുക മാർച്ച് 30ന് അനുവദിക്കുകയും 31ന് തിരിച്ചുപിടിക്കുകയും ചെയ്യുന്ന പതിവാണ് ഉണ്ടായിരുന്നത്. പ്രവൃത്തികൾ പൂർത്തിയാക്കി ബില്ലുകൾ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിക്കാൻ ഒരുക്കിവെച്ച 9.03 കോടി രൂപയുടെ ബില്ലുകൾ അവസാന ഗഡു ഫണ്ട് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തതിനാൽ ട്രഷറിയിൽ സമർപ്പിക്കാൻപോലും സാധിച്ചില്ല. ഇവക്ക് 2024- 25 വർഷത്തിൽനിന്നുള്ള ഫണ്ട് നൽകേണ്ടി വരും. മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ച അഞ്ച് ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ മാറ്റി നൽകാത്തതുമൂലം ഈ വർഷത്തെ ബാധ്യതയായി വരുന്ന 40 കോടി രൂപ അടക്കം ജില്ല പഞ്ചായത്തിന് മൊത്തത്തിൽ 61.13 കോടി രൂപയാണ് നഷ്ടപ്പെടുന്നതെന്ന് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ 2024- 25 വാർഷിക പദ്ധതിയിൽ ലൈഫ് ഭവന പദ്ധതിക്കോ ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പിനോ പട്ടികജാതിക്കാർക്കുള്ള മെറിറ്റോറിയൽ സ്കോളർഷിപ്പിനോ ജില്ലാ ആശുപത്രികളിൽ മരുന്ന് വാങ്ങിക്കുന്നതിനോ പോലും വകയിരുത്താൻ ഫണ്ട് ലഭ്യമാവാത്തവിധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് ജില്ല പഞ്ചായത്ത് പോകുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.