ഗ്രീൻഫീൽഡ് പാത; അതിർത്തി നിർണയം പൂർത്തിയായി
text_fieldsഎടവണ്ണപ്പാറ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ മലപ്പുറം ജില്ലയിലെ അതിർത്തി നിർണയം പൂർത്തിയായി.
പാലക്കാട്-മലപ്പുറം ജില്ല അതിർത്തിയായ എടപ്പറ്റയിൽനിന്ന് തുടങ്ങിയ അതിർത്തി നിർണയം 36 പ്രവൃത്തി ദിനങ്ങൾക്കുള്ളിലാണ് പൂർത്തിയായത്. മലകളും കുന്നുകളും ചേർന്ന തീർത്തും ദുർഘടമായ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റെക്കോഡ് വേഗത്തിലാണ് ജില്ലയിലെ അതിർത്തി നിർണയം പൂർത്തിയാക്കാനായത്.
മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയായ വാഴയൂർ ഗ്രാമപഞ്ചായത്തിൽ ചാലിയാറിനോട് ചേർന്നാണ് ജില്ലയിലെ പാതയുടെ അവസാനത്തെ അതിർത്തിക്കുറ്റി അടിച്ചത്. ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ എന്നിവർ ചേർന്നാണ് ജില്ലയിലെ അവസാന അതിർത്തിക്കുറ്റി അടിച്ചത്. ചടങ്ങിൽ തഹസിൽദാർ സി.കെ. നജീബ്, ഡെപ്യൂട്ടി തഹസിൽദാർ കോമു കമർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരായ റിട്ട. ഡെപ്യൂട്ടി കലക്ടർ എൻ. പ്രേമചന്ദ്രൻ, റിട്ട. തഹസിൽദാർ വർഗീസ് മംഗലം, കൺസൽട്ടന്റായ ടി.പി.എഫ് എൻജിനീയറിങ് ലിമിറ്റഡ് കേരള മാനേജർ രതീഷ് കുമാർ, ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെയും ദേശീയപാത അതോറിറ്റിയിലെയും ഉദ്യോഗസ്ഥർ, സ്ഥലം ഉടമകൾ തുടങ്ങിയവർ സന്നിഹിതരായി.
ഗ്രീൻഫീൽഡ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ലഭിച്ച പരാതികളിൽ ദേശീയപാത അതോറിറ്റിയിൽനിന്ന് മറുപടി ലഭ്യമാക്കി എല്ലാ പരാതികളിലും തീർപ്കൽപിക്കും. പരാതികളിലെ തീർപ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ ത്രിഡി പുറത്തിറക്കുക. ഒരുമാസത്തിനകം ത്രിഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ എടപ്പറ്റ, കരുവാരകുണ്ട്, തുവ്വൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂർ, എളങ്കൂർ, കാരക്കുന്ന്, പെരകമണ്ണ, കാവനൂർ, അരീക്കോട്, മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ എന്നീ 15 വില്ലേജുകളിലൂടെയായി 52.85 കി.മീറ്റർ ദൂരത്തിലാണ് പുതിയ പാത കടന്നുപോകുക. പദ്ധതിക്ക് 238 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ ഏറ്റെടുക്കുന്നത്. പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഓരോ 50 മീറ്ററിലും ഇരുവശത്തും 1057 വീതം അതിർത്തിക്കല്ലുകളാണ് സ്ഥാപിക്കുന്നത്.
അതിർത്തി നിർണയത്തിനോടൊപ്പം ഓരോ സർവേ നമ്പറിൽനിന്നും എറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച കൃത്യമായി വിവരങ്ങൾ ലഭ്യമാക്കാനുള്ള സർവേ ജോലികളും ഇതോടൊപ്പം പൂർത്തിയായി. ഡി.ജി.പി.എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ സർവേയാണ് അതിർത്തി നിർണയത്തിനും സ്കെച്ചുകൾ തയാറാക്കുന്നതിനും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.