ഹാജിയാര്പള്ളി-മങ്ങാട്ടുപുലം തൂക്കുപാലം പ്രവൃത്തി പുനരാരംഭിക്കുന്നു
text_fieldsമലപ്പുറം: നിർത്തിവെച്ച ഹാജിയാർപള്ളി-മങ്ങാട്ടുപുലം തൂക്കുപാലം നിർമാണ പ്രവൃത്തികൾ ഡിസംബർ ആദ്യവാരം പുനരാരംഭിച്ചേക്കും. കടലുണ്ടി പുഴയിലെ ജലനിരപ്പ് അടിസ്ഥാനപ്പെടുത്തിയാകും നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് അന്തിമ തീരുമാനമെടുക്കുക. 2024 മേയ് 14നാണ് നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചത്. തൂക്കുപാലത്തിന്റെ തൂണുകളുടെ രൂപരേഖയിൽ മാറ്റം ആവശ്യപ്പെട്ട് നിർമാണ ഏജൻസിയായ സ്റ്റീൽ ഇന്റസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്) സർക്കാരിന് അപേക്ഷ സമർപ്പിച്ചതോടെയാണ് നിർമാണ പ്രവൃത്തികൾ നിർത്തിയത്.
ഈ വർഷം ജനുവരി 18നാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. തുടർന്ന് കടലുണ്ടിപുഴയിൽ പൈലിങ്ങും നടത്തി. നിലവിലുണ്ടായിരുന്ന രൂപ രേഖപ്രകാരം പുഴയിൽ തുണുകൾക്കായി മങ്ങാട്ടുപുലം ഭാഗത്ത് കുഴിയെടുത്തപ്പോൾ വലിയ പാറ കണ്ടെത്തി. രൂപരേഖ പ്രകാരമുള്ള തൂൺ ഈ ഭാഗത്ത് സ്ഥാപിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതോടെയാണ് സിൽക് രൂപരേഖയിൽ മാറ്റം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. ഇതോടെ പ്രവൃത്തി നിർത്തിവെച്ചു. പുതിയ രൂപ രേഖപ്രകാരമായിരിക്കും ഇനി പ്രവൃത്തികൾ ആരംഭിച്ചേക്കുക. 3.05 കോടിക്കാണ് പദ്ധതി നടപ്പാക്കുന്നത്.
2019 പ്രളയത്തിലാണ് തൂക്കുപാലം തകർന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരകമായി 1997ൽ പണിത പാലമായിരുന്നു ഇത്. കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലത്തെും മലപ്പുറം നഗരസഭയിലെ ഹാജിയാർ പള്ളിയെയും ബന്ധിപ്പിക്കുന്നതാണ് തൂക്കുപാലം. പാലം തകർന്ന് അഞ്ച് വർഷത്തിലേക്ക് കടക്കുമ്പോഴായിരുന്നു നിർമാണം തുടങ്ങിയത്. 2023 മേയ് മാസത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ പ്രവൃത്തിയുടെ പുനർനിർമാണത്തിന് തറക്കലിട്ടിരുന്നു. പദ്ധതിക്ക് ആദ്യഘട്ടത്തിൽ 75 ലക്ഷമാണ് അനുവദിച്ചിരുന്നത്. ഇത് പിന്നീട് 1.25 കോടിയായി വർധിപ്പിച്ചു.
എസ്റ്റിമേറ്റ് തുക ഇതിനെക്കാൾ അധികമായിരുന്നു. ബാക്കി തുക കണ്ടെത്താനാകില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ സർക്കാറിനെ അറിയിച്ചിരുന്നു. തുടർന്നാണ് 2.31 കോടി രൂപയും പിന്നീട് 2.65 കോടിയായും 2.9 കോടിയായും ഉയർത്തിയത്. 2022 ഡിസംബറിൽ തുക വർധിപ്പിച്ച് 3.05 കോടിയാക്കി. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എൽ.ആർ.ആർ.പി) യിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.