ഹാപ്പി ബർത്ത് ഡേ മലപ്പുറം; ജില്ലക്ക് ഇന്ന് 54ാം പിറന്നാള്‍
text_fieldsമലപ്പുറം: ജില്ലക്ക് വെള്ളിയാഴ്ച 54ാം പിറന്നാൾ ആഘോഷം. 1969 ജൂണ്‍ 16നാണ് ജില്ല രൂപവത്കരിച്ചത്. വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചാണ് ജില്ല 54ൽ എത്തിനിൽക്കുന്നത്. മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയായിരുന്ന മലബാർ കേരളപ്പിറവിക്കുശേഷം കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോട് ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനിയും പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്താണ് 1969 ജൂൺ 16ന് ജില്ല രൂപവത്കരിച്ചത്.
ജില്ലയുടെ സിരാകേന്ദ്രമായി മലപ്പുറം മുണ്ടുപറമ്പില്‍ സ്ഥലം കണ്ടെത്തി കെട്ടിടം പണിത് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നത്തെ സിവില്‍ സ്റ്റേഷന്‍ നില്‍ക്കുന്ന കെട്ടിടത്തില്‍ അന്ന് കരസേനയുടെ ക്യാമ്പ് പ്രവര്‍ത്തിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി കെ. ഭാസ്‌കരന്‍ നായര്‍ക്കായിരുന്നു കലക്ടറുടെ ചുമതല. അദ്ദേഹത്തിന് കീഴില്‍ 12 പേരെ നിയമിച്ചു. കരസേനയുടെ ക്യാമ്പ് മലപ്പുറത്തുനിന്ന് മാറ്റിയതോടെ മുണ്ടുപറമ്പില്‍നിന്ന് സിവില്‍ സ്റ്റേഷന്‍ കുന്നുമ്മലിലെത്തി. ഇന്നത്തെ കോട്ടപ്പടി താലൂക്ക് ആശുപത്രി നിലകൊള്ളുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം ഗവ. കോളജ് മുണ്ടുപറമ്പിലേക്കും മാറ്റി.
കേരളത്തില്‍ കൂടുതല്‍ നിയമസഭ, ലോക്‌സഭ മണ്ഡലങ്ങളുള്ള ജില്ല കൂടിയാണ് മലപ്പുറം. ജനസാന്ദ്രതയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണവും മറ്റു ജില്ലകളിലേക്കാള്‍ കൂടുതലാണ്. ജില്ലയുടെ സാമ്പത്തിക കുതിപ്പുകള്‍ക്ക് ആക്കം കൂടിയത് പ്രവാസികളുടെ കരുത്തിലാണ്. ഇന്ന് സമഗ്രമേഖലയിലും മലപ്പുറം കുതിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് ഓരോ വര്‍ഷങ്ങളിലും നടത്തിവരുന്നത്. കലാകായിക മേഖലയിലും കുതിപ്പ് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.