കോട്ടക്കൽ ഒരുങ്ങി; ഒരുമയുടെ പെരുമയുമായി ‘ഹാർമോണിയസ് കേരള’ ഇന്ന്
text_fieldsമലപ്പുറം: കേരളത്തിന്റെ ഒത്തൊരുമയുടെ ആഘോഷമായ മാധ്യമം ‘ഹാർമോണിയസ് കേരള’ മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവിൽ ആവേശത്തിന്റെ അലകടൽ തീർക്കും.
കോട്ടക്കൽ ആയുർവേദ കോളജ് മൈതാനിയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മുതലാണ് ആഘോഷരാവിന് തുടക്കമാവുക. പാട്ടും പറച്ചിലും ചിരിയുമായി അഞ്ചു മണിക്കൂർ നീളുന്ന മെഗാഷോ മലപ്പുറത്തിന്റെ ചരിത്രം മാറ്റിയെഴുതും.
കേരളത്തിൽ സാഹോദര്യത്തിന്റെ അംബാസഡർമാരായ സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങളുടെ സംഗമവും യുവ ഗായകക്കൂട്ടത്തിന്റെ സംഗീതവിരുന്നും ആസ്വദിക്കാൻ ആയിരങ്ങളെത്തും. വിപുലമായ സൗകര്യങ്ങളാണ് ആയുർവേദ കോളജ് മൈതാനിയിൽ സജ്ജമാക്കിയത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. വൈകീട്ട് നാലോടെ ആഘോഷവേദിയിലേക്കുള്ള വാതിൽ തുറക്കും.
‘ഒരു ദേശത്തിന്റെ കഥ’ എന്ന പേരിൽ സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമം ഹാർമോണിയസ് കേരള വേദിയിൽ നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി.എം. വാര്യർ, മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം ചീഫ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി, പ്രമുഖ ക്രൈസ്തവ പുരോഹിതനും സാംസ്കാരിക-സാമുദായിക മുഖവുമായ ഫാ. ജോസഫ് കളത്തിൽ എന്നിവർ ‘ഒരു ദേശത്തിന്റെ കഥ’യിൽ ഒത്തുചേരും. പ്രമുഖ മാധ്യമപ്രവർത്തകൻ നിഷാദ് റാവുത്തർ സെഷൻ നിയന്ത്രിക്കും.
തുടർന്ന് ഹാർമോണിയസ് കേരളയുടെ ഉദ്ഘാടനം എം.പി. അബ്ദുസ്സമദ് സമദാനി എം.പി നിർവഹിക്കും. മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് പാട്ടിന്റെ ആഘോഷരാവുമായി യുവ ഗായകക്കൂട്ടം അരങ്ങ് കീഴടക്കും.
സൂരജ് സന്തോഷും നജീം അർഷാദും അക്ബർ ഖാനും ജാസിം ജമാലും ക്രിസ്റ്റകലയും നന്ദയും സിജു സിയാനും സംഗീതരാവിന് കുളിരേകും. അനുകരണകലയുടെ തകർപ്പൻ പ്രകടനവുമായി സിദ്ദീഖ് റോഷനുമുണ്ടാവും. ജനപ്രിയ അവതാരകൻ മിഥുൻ രമേശ് രാവിന് ഓളം തീർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.