കൊയ്ത്ത് കഴിഞ്ഞു: നെല്ല് സംഭരണം വൈകുന്നു
text_fieldsചങ്ങരംകുളം: മലപ്പുറം, തൃശൂർ ജില്ല അതിർത്തികൾ പങ്കിടുന്ന ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരണത്തിനായി കർഷകർ കാത്തിരിക്കുകയാണ്. പ്രദേശത്തെ മുഴുവൻ കോൾ മേഖലയിലും കൊയ്ത്ത് നടന്നിട്ടും നെല്ല് സംഭരണം വൈകുകയാണെന്നും കൂലിയായി നാമമാത്ര തുകയാണ് ലഭിക്കുന്നതെന്നും കർഷകർ പരാതിപ്പെടുന്നു. പ്രതികൂല കാലാവസ്ഥയും നാശനഷ്ടങ്ങളുടെ ഭീതിയും കിട്ടിയ വിലയ്ക്ക് നെല്ല് കൊടുക്കേണ്ട അവസ്ഥയിലാണ് കർഷകർ. സപ്ലൈക്കോക്ക് വേണ്ടി സ്വകാര്യ കമ്പനികൾ നെല്ല് സംഭരണം നടത്തുമ്പോഴാണ് അമിത കിഴിവ് നടത്തുന്നത്.
ഏഴ് ശതമാനം വരെ കിഴിവ് നടത്തുന്നതായി കർഷകർ പറഞ്ഞു. 100 കിലോ നെല്ല് തൂക്കുമ്പോൾ ഏഴ് കിലോയാണ് കുറക്കുന്നത്. നെല്ലിന് ഉണക്കമില്ലെന്നും മറ്റും കാരണങ്ങൾ പറഞ്ഞാണ് ഈ കിഴിവ്. സാധാരണയായി പതിരിെൻറ ഒരു ശതമാനം മാത്രമേ കിഴിവ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അത് ഏഴു ശതമാനമാണ്.
എന്നാൽ, കർഷകർ ഇത് ചോദ്യം ചെയ്യുമ്പോൾ അവർ നെല്ല് എടുക്കില്ലെന്നും മറ്റാർക്കെങ്കിലും കൊടുക്കാവുന്നതാണെന്ന് പറയുകയുമാണത്രേ.
പ്രദേശത്തെ നൂറുകണക്കിന് കർഷകരുടെ നെല്ല് സംഭരിച്ചുവെക്കാൻ സ്ഥലമില്ലാതെയും വേനൽ മഴയുടെ ഭീതിയിലും കർഷകർ നഷ്ടങ്ങൾ വകവെക്കാതെ നെല്ല് കൊടുക്കുകയുമാണ്.
കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസത്തിലേറെ ഉണക്കിയിട്ടും നെല്ല് ഉണക്കമില്ലെന്ന് പറഞ്ഞുള്ള കിഴിവ് കർഷകരെ നെല്ല് സംഭരിക്കുന്ന ഇടനിലക്കാർ കബളിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. തൃശൂർ, മലപ്പുറം ജില്ലയിലെ മുഴുവൻ കോൾ നിലങ്ങളിലെയും നൂറുകണക്കിന് കർഷകർക്ക് ഏറെ നഷ്ടങ്ങളാണ് ഇതുവഴി ഉണ്ടാകുന്നത്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് കർഷകർ അവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.