ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗം പരിശോധന
text_fieldsമലപ്പുറം: നഗരസഭ ആരോഗ്യവിഭാഗം പ്രധാന ഹോട്ടലുകളിലും ഭക്ഷണ വിൽപന ശാലകളിലും പരിശോധന നടത്തി. വ്യാഴാഴ്ച പുലർച്ചെ ആറ് മുതൽ 8.30 വരെയായിരുന്നു പരിശോധന. ശുചിത്വ നിലവാരമില്ലാതെ വിൽപനക്ക് സൂക്ഷിച്ചിരുന്ന വിവിധ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കാവുങ്ങൽ ബൈപാസ്, പെരിന്തൽമണ്ണ റോഡ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. എട്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ചെണ്ണത്തിന് നോട്ടീസ് നൽകി. നോട്ടീസിൽ മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാകും.
വൃത്തിഹീന സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പൊറാട്ട, ചപ്പാത്തി, മത്സ്യ-മാംസങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഫ്രീസറിൽ അടപ്പില്ലാതെയും ഒന്നിനുമുകളിൽ ഒന്നായും വെച്ച തലേദിവസത്തെ ഭക്ഷണസാധനങ്ങളും തീയതി കഴിഞ്ഞ പാലുൽപന്നങ്ങളും പിടിച്ചെടുത്തു. ചില ഭക്ഷണശാലകളിൽ അടുക്കള നിലവാരമില്ലാത്തതാണെന്നും മാലിന്യം അടുക്കളയിൽ തന്നെ സൂക്ഷിക്കുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.
പ്ലാസ്റ്റിക് അടക്കം മാലിന്യം അടുപ്പിലിട്ട് കത്തിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്ത് അടച്ചുപൂട്ടലുൾപ്പെടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മാലിന്യം അനാരോഗ്യകരമായി വലിച്ചെറിയുന്നവർക്കെതിരെയും നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നഗരസഭ സിറ്റി മാനേജർ കെ. മധുസൂദനൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുകൂൽ, അബ്ദുൽറഷീദ്, ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.