ആരോഗ്യ മന്ത്രി ഇന്നെത്തും; പ്രതീക്ഷയോടെ അരീക്കോട് താലൂക്ക് ആശുപത്രി
text_fieldsഅരീക്കോട്: താലൂക്ക് ആശുപത്രി ആരോഗ്യ മന്ത്രി വീണ ജോർജ് വെള്ളിയാഴ്ച സന്ദർശിക്കും. മന്ത്രിയുടെ സന്ദർശനം വലിയ പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ കാണുന്നത്. ആർദ്രം ആരോഗ്യ പരിപാടിയുടെ ഭാഗമായി രാവിലെ ഒമ്പതിനാണ് സന്ദർശനം.
പത്തുവർഷം മുമ്പാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. ബോർഡിൽ പേര് മാറ്റിയത് ഒഴിച്ചാൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നില്ല. നിലവിൽ രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാണ് ആശുപത്രി പ്രവർത്തനം.
രാവിലെ എട്ട് ഡോക്ടർമാരുടെ സേവനവും വൈകീട്ട് ഒരു ഡോക്ടറുടെ സേവനവും ലഭ്യമാണ്. പിന്നീട് ആശുപത്രി അടച്ചിടുന്നതാണ് പതിവ്. ഇതോടെ ഓടക്കയം ആദിവാസി മേഖല ഉൾപ്പെടുന്ന അരീക്കോടും പരിസര പഞ്ചായത്തുകളിലുമുള്ളവർ സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, എം.എൽ.എ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നിരന്തരം പരാതി നൽകുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കമ്യൂണിറ്റി സെൻററായ സമയത്ത് പ്രസവം ഉൾപ്പെടെ ചികിത്സ ഇവിടെ ലഭിച്ചിരുന്നു. എന്നാൽ, താലൂക്ക് ആശുപത്രിയായ ശേഷമാണ് ഇത്തരത്തിലുള്ള ചികിത്സ സംവിധാനങ്ങളെല്ലാം ഇല്ലാതായത്.
താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധപരിപാടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ പേരിൽ ഇടത്-വലത് മുന്നണികൾ തമ്മിൽ വാക്പോരും തുടരുകയാണ്. മന്ത്രിയെ കണ്ട് തങ്ങളുടെ പരാതികളും ആവശ്യങ്ങളും പറയാൻ കഴിയും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.