ഉഷ്ണതരംഗ സാധ്യത; മലപ്പുറം ജില്ലയില്‍ കർശന നിയന്ത്രണം
text_fieldsമലപ്പുറം: ചൂട് കൂടിവരികയും ഉഷ്ണതരംഗ സാധ്യത നിലനില്ക്കുകയും ചെയ്യുന്നതിനാല്‍ തിങ്കളാഴ്ച വരെ പ്രതിരോധനടപടികളുടെ ഭാഗമായ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ വി.ആര്. വിനോദ് ഉത്തരവിറക്കി. പകല്‍ 11 മുതല്‍ മൂന്നുവരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കണം.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ട്യൂഷന് സെന്ററുകള്‍ക്കും അവധിക്കാല ക്ലാസുകള്‍ക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളവും പരീക്ഷാഹാളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. ആസ്ബസ്റ്റോസ്, ടിന് ഷീറ്റുകള്‍ മേല്‍ക്കൂരകള്‍ ആയിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍സമയം അടച്ചിടണം.
ഇത്തരം മേല്‍ക്കൂരകളുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ നടപടി സ്വീകരിക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങി തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ജില്ലയിലെ ആശുപത്രികളുടെയും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫയര്‍ ഓഡിറ്റ് അടിയന്തരമായി നടത്തണം.
ഇത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരമായിരിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനം വകുപ്പിന്റെ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങള്‍, ആദിവാസി കോളനികള്‍, ആവാസകേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.