ജില്ലയിൽ മഴക്കെടുതി വ്യാപകം
മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്നു. രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം കുന്നുമ്മൽ താമരക്കുഴിയിൽ വാഹനത്തിന് മുകളിലേക്ക് മരം വീണു. രാവിലെ 8.45നാണ് മിനി ലോറിക്ക് മുകളിൽ മരം വീണത്. വാഹനത്തിൽ കുടുങ്ങിയ രണ്ടുപേരെയും രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ശനിയാഴ്ച രാത്രി വെള്ളിയാർ പുഴയിൽ ഒഴുക്കിൽപെട്ട അലനല്ലൂർ സ്വദേശിയായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂർ മരുതംപാറ പടുവിൽകുന്നിലെ പുളിക്കൽ വീട്ടിൽ യൂസുഫിന്റെ (55) മൃതദേഹമാണ് മേലാറ്റൂർ റെയിൽപാലത്തിന് ഒരു കിലോമീറ്റർ താഴ്ഭാഗത്തുനിന്നും ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കണ്ടെത്തിയത്.
ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ പടുകൂറ്റന്‍ പൂമരം കടപുഴകി വീണു. കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാനപാതയില്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. തിരക്കേറിയ പാതയില്‍ അപകടസമയത്ത് വാഹനങ്ങള്‍ വരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. കുന്നംകുളത്തുനിന്ന് എത്തിയ ഫയര്‍ഫോഴ്സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
എടവണ്ണ-കൊയിലാണ്ടി പാതയിൽ അരീക്കോടിനടുത്ത വടശേരിയിൽ വീണ മരം അഗ്നി രക്ഷസേനയും ഇ.ആർ.എഫ് പ്രവർത്തകരും ചേർന്ന് മുറിച്ചു മാറ്റി. മങ്കട ചേരിയം-തങ്ങൾ തൊടിക റോഡിൽ ആറ് വൈദ്യുതി കാലുകൾ ചൊവ്വാഴ്ച രാവിലെ മറിഞ്ഞുവീണു. കരുവാരകുണ്ടിൽ സ്വകാര്യ ഭൂമിയിൽ നേരത്തെ മണ്ണെടുത്ത ഭാഗത്ത് വൈകീട്ട് മണ്ണിടിച്ചിലുണ്ടായി. കൊളക്കാടൻ അബ്ദുറഹിമാന്റെ വീടിന്റെ മുറ്റത്തേക്കാണ് മണ്ണിടിഞ്ഞുവീണത്.
കാടാമ്പുഴയിൽ വീടിന് മുകളിലേക്ക് മരം വീണു. കാടാമ്പുഴ പടിഞ്ഞാറെ നിരപ്പ് ഹനീഫയുടെ വീടിന് മുകളിലേക്കാണ് തേക്ക് മരം പൊട്ടി വീണത്. ആർക്കും പരിക്കില്ല. വീട്ടിലെ ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.
കെ.ഇ.ടി എമർജൻസി ടീം, റെസ്ക്യു ഫോഴ്സ് എന്നിവർ ചേർന്ന് മരംമുറിച്ച് മാറ്റി. സി.കെ. പാറയിലെ കല്ലായി പരമേശ്വരന്റെ ഉടമസ്ഥതയിലുള്ള കിണറും പടിഞ്ഞാറ്റുമുറി കാരുള്ളിയിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ജമീലയുടെ വീടിനോട് ചേർന്ന കിണറും ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നു. അമരമ്പലം പറയാങ്കാട് പാലിയേറ്റീവിന് സമീപം ഉമ്മർ ഫാറൂഖ് ഷാഫിയുടെ വീട്ടിലെ കിണർ ഇടിഞ്ഞു. തിരൂരങ്ങാടി കാച്ചാടി സ്വദേശി മേലേപ്പുറത്ത് സുകുമാരന്റെ വീടിനു മുകളിലേക്ക് ശക്തമായ കാറ്റിലും മഴയിലും മരം വീണു. വീടിന്റെ സൺ ഷെയ്ഡ് ഭാഗം തകർന്നു. വെള്ളിനക്കാട് ഭാഗത്ത് കടലുണ്ടിപ്പുഴയുടെ കര വ്യാപകമായി ഇടിഞ്ഞു. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ ബ്രിഡ്ജിന്റെ 26 ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ഷട്ടറുകൾ ഉയർത്തിയതോടെ ഭാരതപ്പുഴയുടെ തീരത്ത് പാലക്കാട് ജില്ല അധികൃതർ ജാഗ്രത നിർദേശം നൽകി. തൂതപ്പുഴ, തിരൂർ- പൊന്നാനിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കുളങ്ങളും തോടുകളും നിറഞ്ഞ് കവിഞ്ഞു. മലയോരത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ, പുഴയോരത്തുള്ള കുടുംബങ്ങൾക്കും നാടുകാണി ചുരംവഴി യാത്ര ചെയ്യുന്നവർക്കും റവന്യു വകുപ്പ് മുന്നറിയിപ്പ് നൽകി. ദേശീയ ദുരന്ത പ്രതികരണ സേന നിലമ്പൂർ കെ.എഫ്.ആർ.ഐയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
35 വീടുകൾ ഭാഗികമായി തകർന്നു
മലപ്പുറം: ശക്തമായ മഴയിൽ രണ്ട് ദിവസത്തിനിടെ ജില്ലയിലെ 35 വീടുകൾ ഭാഗിമായി തകർന്നു. പൊന്നാനി ആറ്, തിരൂർ 14, തിരൂരങ്ങാടി ഒന്ന്, കൊണ്ടോട്ടി ഏഴ്, ഏറനാട് മൂന്ന്, പെരിന്തൽമണ്ണ ഒന്ന്, നിലമ്പൂർ മൂന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗിക ഭവനനാശം. പൂർണ ഭവനനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജില്ലയിൽ ക്യാമ്പുകളും തുറന്നിട്ടില്ല. 33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ 48 മണിക്കൂറിൽ 9.9 ഹെക്ടർ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30,73000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ലഭിച്ച ശരാശരി മഴയുടെ അളവ് 88.2 എം.എം ആണ്.