അത്യുഷ്ണം, എരിപൊരികൊണ്ട് ജനം
text_fieldsമലപ്പുറം: കൊടുംചൂടിൽ എരിപൊരികൊണ്ട് നാടും നഗരവും. വെയിലിന്റെ കാഠിന്യംമൂലം കുടയില്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ജനങ്ങൾ ഇരുചക്ര യാത്ര ഒഴിവാക്കി പൊതുഗതാഗതത്തെയാണ് നിലവിൽ ഉപയോഗിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. മറ്റു പല ജില്ലകളിലും ചൂട് മൂലം സംഭവിച്ച മരണങ്ങൾ ജനങ്ങളിൽ ആശങ്ക നിറക്കുന്നു. ചൂട് കനക്കുന്നതോടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും കൂടുകയാണ്.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ പുറത്തിറങ്ങരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശമുണ്ട്. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങി പകൽ തുറന്ന സ്ഥലത്ത് ജോലിചെയ്യുന്നവർക്ക് ചൂട് വെല്ലുവിളിയാണ്.
സൂര്യപ്രകാശം നേരിട്ടേൽക്കുന്നതും നിർജ്ജലീകരണവും നിർബന്ധമായും ഒഴിവാക്കണം. കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് സ്ഥിതി ആശകജനകമാക്കുന്നത്. മേയ് പകുതിയോടെ ന്യൂനമർദ്ദം രൂപപ്പെട്ട് മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിണറുകൾ വറ്റുന്നു
ചൂടിന്റെ തീവ്രത ദിനംപ്രതി കൂടുന്നതോടെ ജലസ്രോതസ്സുകൾ വറ്റി വരണ്ടു പോകുന്നത് ജനങ്ങളെ അലട്ടുന്നു. പ്രധാനമായും പുഴകളിലും കിണറുകളിലും വെള്ളം കുറഞ്ഞു വരുന്നുണ്ട്. ജില്ലയിലെ പ്രധാന പുഴകൾ നീർചാലുകളായി. ജലലഭ്യത കുറവ് ജനങ്ങളിൽ ഏറെ ആശങ്ക ജനിപ്പിക്കുന്നു. ശുദ്ധജല വിതരണ പദ്ധതികളും ജലക്ഷാമം മൂലം തടസ്സപ്പെട്ടിട്ടുണ്ട്. ഗ്രൗണ്ട് വാട്ടർ ലെവൽ താഴുന്നത് ആശങ്കജനകമായ നിലയിലാണ്. ചൂട് കാരണം വിള നശിക്കുന്നത് കർഷകരെ ഭീതിയിലാഴ്ത്തി.
ഇവ ശ്രദ്ധിക്കാം
- പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക
- ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറംജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുക
- ധാരാളമായി വെള്ളം കുടിക്കുക
- പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക
- കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും നടത്തുക
- നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക
- രാത്രിയില്‍ ഓഫിസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളിലുമുള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്യുക
- വീട്ടിലും ഓഫിസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക
- പുറംതൊഴിലില്‍ ഏര്‍പ്പെടുന്നവർ രാവിലെ 11 മുതൽ മൂന്നുവരെ വരെ കുടകള്‍ ഉപയോഗിക്കുക
- കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം
തീപിടിത്ത ഭീതിയിൽ
ജില്ലയിൽ തീപിടിത്ത സാധ്യതയും വർധിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പുചവറുകളും, ഉണങ്ങിയ പുല്ലുമുള്ള ഇടങ്ങൾ എന്നിവടങ്ങളില്‍ തീപിടിത്ത സാധ്യത കൂടുതലാണെന്ന് അഗ്നിരക്ഷ സേന അധികൃതർ പറയുന്നു. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
വൈദ്യുതി തടസ്സവും
അസഹ്യമായ ചൂടിനൊപ്പം വൈദ്യുത നിയന്ത്രണവും കൂടിയായതോടെ ജനം എരിപൊരി കൊള്ളുകയാണ്. ചൂടിനു ആശ്വാസമേകാൻ എസി, ഫാൻ, കൂളർ അധികമായി ഉപയോഗിക്കുന്നത് വൈദ്യുതി കുറവിന് കാരണമാകുന്നു. പുതുതായി നിരത്തിലിറങ്ങിയ ഇലക്ട്രിക്കൽ വാഹനങ്ങളും വൈദ്യുത ലഭ്യതക്കുറവിനു ആക്കം കൂട്ടുന്നു. വോൾടേജിലും കാര്യമായ കുറവുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി പേരാണ് വീടുകളിൽ പുതിയ എ.സി സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.