അകക്കണ്ണിന്റെ വെട്ടത്തിൽ നജാഹിന് മിന്നും വിജയം
text_fieldsഅരീക്കോട്: അകക്കണ്ണിന്റെ വെളിച്ചത്തിൽ ഹയർസെക്കൻഡറി പരീക്ഷയിൽ ഒന്നൊഴികെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സന്തോഷത്തിലാണ് അരീക്കോട് മുട്ടുങ്ങൽ സ്വദേശി യു. നജാഹ്. അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്.
ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി ഉൾപ്പെടെ അഞ്ചു വിഷയങ്ങളിൽ എ പ്ലസ് നേടിയപ്പോൾ എക്കണോമിക്സിൽ മാത്രമാണ് രണ്ട് മാർക്കിന് എ പ്ലസ് നഷ്ടമായത്. നാലാം വയസ്സിലാണ് ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടമായത്. തുടർന്ന് ജീവിതത്തോട് പൊരുതിയാണ് ഇതുവരെയുള്ള നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഒമ്പത് എ പ്ലസ് നേടിയിരുന്നു. പ്ലസ്ടു പഠനത്തിനൊപ്പം ‘അകക്കണ്ണിന്റെ വെളിച്ചത്തിൽ വർണ്ണങ്ങൾ’ എന്ന പുസ്തകം എഴുതി സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുകയും ചെയ്തിരുന്നു.
പൊളിറ്റിക്കൽ സയൻസ് ആണ് നജാഹിന്റെ ഇഷ്ട വിഷയം. ഇത് പഠിക്കാൻ മഹാരാജാസ് കോളജിൽ പോകണം എന്നാണ് ആഗ്രഹം. പൊളിറ്റിക്കൽ സയൻസ് അധ്യാപകനാകാനാണ് ഇഷ്ടമെന്നും നജാഹ് പറഞ്ഞു. മുട്ടുങ്ങൽ ഉഴുന്നൻ വീട്ടിൽ ഉമ്മർ-റുഖിയ ദമ്പതികളുടെ ഇളയ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.