സ്വാതന്ത്ര്യസമര ചരിത്രം പഠിക്കാന്‍ ഈ മണ്ണില്‍ സംവിധാനമില്ല
text_fieldsപൂക്കോട്ടൂര്‍: സ്വാതന്ത്ര്യ സമര വേളയില്‍ ബ്രിട്ടീഷുകാര്‍ പോലും യുദ്ധമെന്ന് വിശേഷിപ്പിച്ച 1921ലെ പൂക്കോട്ടൂര്‍ യുദ്ധത്തെയും ചരിത്രത്തില്‍നിന്ന് മായ്ക്കുന്ന പ്രവണത തിരുത്താന്‍ നടപടി വൈകുന്നു. ചെറുത്തുനിൽപിന്റെ ദേശാവബോധം സൃഷ്ടിച്ച ചരിത്ര സംഭവം നവ തലമുറക്ക് കൈമാറാന്‍ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 102ാം വാര്‍ഷിക വേളയിലും കാര്യപ്രധാനമായ ഇടപെടലുകള്‍ വൈകുകയാണ്.
സ്വാതന്ത്ര്യത്തിനായി പ്രാദേശികമായി നടന്ന പോരാട്ടങ്ങള്‍ അധിനിവേശ ശക്തികളായ ബ്രിട്ടീഷുകാര്‍ നാട്ടു ലഹളകളാക്കി ചിത്രീകരിച്ചപ്പോള്‍ അവര്‍തന്നെ യുദ്ധമെന്ന് വിശേഷിപ്പിച്ച പൂക്കോട്ടൂരിലെ പോരാട്ടത്തിന് 102 ആണ്ടിന്റെ വിസ്മൃതിയാണിപ്പോള്. പോരാട്ട ഭൂമിയില്‍ ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ സ്വാതന്ത്ര്യാനന്തരം പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നുവരെ അര്‍ഥപൂര്‍ണമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. പൂക്കോട്ടൂര്‍ പഞ്ചായത്തിനു മുന്നിലുള്ള യുദ്ധ സ്മാരകത്തില്‍ കവിഞ്ഞ് അധിനിവേശത്തിനെതിരെ 1921 ആഗസ്ത് 26ന് സാധാരണക്കാര്‍ നടത്തിയ സായുധ പോരാട്ടം പഠിക്കാന്‍ പോലും നവ തലമുറക്ക് അവസരമില്ലെന്നതാണ് വസ്തുത. പൂക്കോട്ടൂര്‍ യുദ്ധം പഠിക്കാന്‍ വിദേശികളുള്‍പ്പെടെയുള്ള ചരിത്ര ഗവേഷകരെത്തുമ്പോള് ബോര്‍ഡില്‍ കവിഞ്ഞുള്ള പഠന കേന്ദ്രമെങ്കിലും പൂക്കോട്ടൂരില്‍ ഒരുക്കണമെന്നും നിലവിലുള്ള ചരിത്രാവശേഷിപ്പുകള്‍ സംരക്ഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
പഞ്ചായത്തിലെ ലൈബ്രറി വിപുലീകരിക്കാന്‍ പഞ്ചായത്ത് പദ്ധതിയിട്ടിരുന്നെങ്കിലും ഫലപ്രദമായ സമീപനം ഇക്കാര്യത്തിലും ഉണ്ടായിട്ടില്ല. ബ്ലോക്ക് പഞ്ചായത്തും വിവിധ പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ ക്രിയാത്മകമായ പഠനത്തിന് ആവശ്യമായ ഇടപെലുകള്‍ ഉണ്ടായിട്ടില്ല.
അധിനിവേശ ശക്തികള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ അലി സഹോദരന്മാര് ഉയര്‍ത്തിയ ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍ ആലി മുസ്ലിയാരും മലപ്പുറം കുഞ്ഞിതങ്ങളും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഏറ്റുപിടിച്ചതോടെ 1921 കാലഘട്ടത്തില്‍ പൂക്കോട്ടൂരിലും പ്രക്ഷോഭം ശക്തമാവുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കുവീട്ടില്‍ മുഹമ്മദായിരുന്നു പൂക്കോട്ടൂര്‍ യുദ്ധത്തിന് നേതൃത്വം നല്‍കിയത്.
നിലമ്പൂര്‍ കോവിലകത്തിന്റെ ഭാഗമായ പൂക്കോട്ടൂര്‍ കോവിലകത്തെ തോക്കും പണവും മോഷ്ടിച്ചെന്നാരോപിച്ചു വടക്കുവീട്ടില്‍ മുഹമ്മദിനെതിരെയുണ്ടായ നടപടി ജന്മി- കുടിയാന് തര്‍ക്കങ്ങള്‍ക്കിടെ ദേശീയ പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് ജനതയെ നയിക്കുകയായിരുന്നു.
1921 ആഗസ്റ്റ് 20ന് കണ്ണൂരില്‍നിന്ന് തിരൂരങ്ങാടിയിലേക്കു പുറപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തെയാണ് 26ന് നാടന്‍ ആയുധങ്ങളുമായി പൂക്കോട്ടൂരിലെ ഭടന്മാര് നേരിട്ടത്. പൂക്കോട്ടൂരിനും പിലാക്കലിനുമിടയില്‍ നടന്ന യുദ്ധത്തില്‍ മരിച്ചവരുടെ ഖബറിടങ്ങള്‍ കോഴിക്കോട്- പാലക്കാട് ദേശീയപാതയോരത്ത് ഇപ്പോഴും ചിതറിക്കിടക്കുന്നുണ്ട്.
സ്പെഷല്‍ ഫോഴ്സ് സൂപ്രണ്ടായിരുന്ന ലങ്കാസ്റ്ററടക്കം പത്തോളം ബ്രിട്ടീഷ് സൈനികരും നാനൂറില്പരം മാപ്പിളമാരുമാണ് പൂക്കോട്ടൂര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് ഖിലാഫത്തു നേതാക്കളായ അബ്ദുറഹിമാന് സാഹിബ്, എം.പി. നാരായണ മേനോന്, ഇ. മൊയ്തു മൗലവി, ഗോപാല മേനോന് എന്നിവരുടെ പങ്കും പൂക്കോട്ടൂര്‍ യുദ്ധത്തിലേക്ക് ഗ്രാമീണരെ നയിച്ചതില്‍ പ്രധാനമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ധീരോദാത്തമായ ഈ അധ്യായം പഠിക്കാന്‍ നിരവധി ചരിത്രാന്വേഷികള്‍ ഇപ്പോഴും പൂക്കോട്ടൂരില്‍ എത്തുന്നുണ്ട്. എന്നാല്‍, യുദ്ധ ശേഷിപ്പുകള്‍ കാണാനും ചരിത്ര വിവരങ്ങള്‍ അറിയാനും വിദേശികളുള്‍പ്പെടെയുള്ള ചരിത്ര പഠിതാക്കള്‍ക്ക് ഇവിടെ അവസരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.