രാജനും കുടുംബത്തിനും വീടൊരുങ്ങുന്നു
text_fieldsകോട്ടക്കൽ: വർഷങ്ങളായി ഷീറ്റിന് താഴെ ദുരിതത്തിൽ കഴിയുന്ന അഞ്ചംഗ കുടുംബത്തിന് വീടൊരുങ്ങുന്നു. പറപ്പൂർ പഞ്ചായത്ത് 14ാം വാർഡിൽ കൊഴൂർ കുംഭാര കോളനിയിലെ കൊണ്ടൂർ രാജനും ഭാര്യ മിനിയുമടങ്ങുന്ന കുടുംബത്തിനാണ് വീട് നിർമിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായ പീപിൾസ് ഫൗണ്ടേഷനാണ് സഹായവുമായി മുന്നോട്ടുവന്നത്.
ഇതിെൻറ ഭാഗമായി ചൊവ്വാഴ്ച രാവിലെ ജില്ല ഭാരവാഹികൾ രാജെൻറ വീട് സന്ദർശിക്കും. പ്രദേശത്തുകാരുടെ സഹകരണത്തോടെ വീട് നിർമിക്കാനാണ് തീരുമാനം. കാറ്റും മഴയും ഒന്നിച്ചെത്തിയാൽ നിലംപൊത്തുന്ന ഷീറ്റുകൊണ്ടു മറച്ച ഒറ്റമുറി വീട്ടിൽ ദുരിതത്തിൽ കഴിയുന്ന വാർത്ത തിങ്കളാഴ്ച ‘മാധ്യമം’ നൽകിയിരുന്നു.
ഇവർ താമസിച്ചിരുന്ന വീട് തകർന്നതോടെ മൂന്ന് സെൻറ് ഭൂമിയിലെ ഒരു ഭാഗത്ത് നിർമിച്ച ഒറ്റമുറി ഷെഡിലായിരുന്നു ഇവരുടെ ജീവിതം. നാട്ടുകാർ ലൈഫ് ഭവനപദ്ധതി പ്രകാരം രൂപരേഖ തയാറാക്കി തറ നിർമാണം പൂർത്തീകരിച്ചെങ്കിലും തുടർനടപടികളായില്ല. ലൈഫ് പദ്ധതിക്കായി സമർപ്പിച്ച അപേക്ഷ പ്രധാൻമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് തിരിച്ചടിയായത്.
മൺപാത്ര നിർമാണ തൊഴിലാളിയാണ് രാജൻ. മിനി വീടുകളിൽ കൂലിപ്പണിയെടുത്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മൂത്ത മകൾ മഞ്ജുവിന് സമൂഹ വിവാഹ സംരംഭത്തിലൂടെ വിവാഹം ശരിയായിട്ടുണ്ട്. മക്കളായ മന്യ, മനീഷ് എന്നിവരടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.