നിലംപൊത്താറായ കുടിലിലിരുന്ന് പാര്‍വതി ചോദിക്കുന്നു, എന്നാണ് അധികൃതർ കനിയുക
text_fieldsപുളിക്കല്‍: അധികൃതരോട് ഇനിയെങ്കിലും കണ്ണുതുറക്കാന്‍ പറയുകയാണ് ഈ നിരാലംബ വിധവ. പുളിക്കല്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡ് ഒളവട്ടൂര്‍ കൊരണ്ടിപറമ്പിലാണ് അത്തിക്കല്‍ പാര്‍വതിയാണ് അധികൃതരുടെ അവഗണനപേറി ജീവിതം കഴിച്ചുകൂട്ടുന്നത്.
നല്ലൊരു കാറ്റും മഴയും ഒരുമിച്ചെത്തിയാല്‍ നിലംപൊത്തുന്ന ഷീറ്റ് മേഞ്ഞ ഒറ്റമുറി കുടിലിലാണ് ഈ അറുപത്തിനാലുകാരി കഴിയുന്നത്. ശരിയാക്കാം എന്ന സ്ഥിരം മറുപടി മാത്രമാണ് അധികൃതരില്‍നിന്ന് ലഭിക്കാറെന്ന് പാര്‍വതി പറയുന്നു.
ഇവരെയും മകളെയും ഉപേക്ഷിച്ച് 40 വര്‍ഷം മുമ്പ് ഭര്‍ത്താവ് പോയതാണ്. മകളുടെ വിവാഹം നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മുണ്ടുമുഴിയിലെ ഭിന്നശേഷിക്കാരനായ ഒരു യുവാവുമായി നടത്തി. ഇദ്ദേഹത്തിനും ഭാരിച്ച കുടുംബബാധ്യതകള്‍ ഉള്ളതിനാല്‍ സഹായിക്കാന്‍ പരിമിതികളുണ്ട്.
കുടുംബസ്വത്തായി കിട്ടിയ കുന്നിന്മുകളിലുള്ള 10 സെൻറ് സ്ഥലത്താണ് പാര്‍വതിയുടെ കുടില്‍. ചുറ്റും കാടാണ്. എത്തിപ്പെടാന്‍ വഴിയും ഇല്ല. വേനലില്‍ വെള്ളവും കിട്ടില്ല. കുടുംബശ്രീയില്‍നിന്ന് കിട്ടുന്ന വരുമാനമാണ് ജീവിതമാര്‍ഗം.
മാറിമാറിവരുന്ന സർക്കാറുകള്‍ക്ക് പഞ്ചായത്ത് അംഗങ്ങൾ മുഖേന പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ല. അവസാനം 2019ല്‍ വാര്‍ഡ് അംഗം മുഖേന 'ലൈഫ്' പദ്ധതിക്കായി നല്കിയ അപേക്ഷയില്‍ 'പ്രധാനമന്ത്രി ആവാസ് യോജന'യില്‍ ഉള്‍പ്പെടുത്തിയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
പലതവണ ഓഫിസുകളില്‍ കയറിയിറങ്ങിയിട്ടും തുടര്‍നടപടികളായില്ല. ഈ കുടിലില്‍ അന്തിയുറങ്ങാനുള്ള ഭയം കാരണം അയല്‍വാസിയുടെ വീട്ടിലാണ് രാത്രി ഉറങ്ങാറ്. സുമനസ്സുകളിലും നല്ലവരായ നാട്ടുകാരിലുമാണ് പാർവതിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.