അമിതശബ്ദത്തിലുള്ള ഹോണുകൾ വ്യാപകം; നിയമലംഘനം തടയാന്‍ സംവിധാനമില്ലാതെ മോട്ടോര്‍ വാഹന വകുപ്പ്
text_fieldsകൊണ്ടോട്ടി: വാഹനങ്ങളില്‍ അമിതശബ്ദത്തിലുള്ള ഹോണുകളുടെ ഉപയോഗം വ്യാപകമാകുമ്പോള്‍ നിയമലംഘനം തടയാന്‍ നടപടികളില്ലാതെ മോട്ടോര്‍ വാഹന വകുപ്പ്.
സ്വകാര്യബസുകളിലുള്‍പ്പെടെ കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണുകളുടെ ഉപയോഗം തടയാന്‍ നിയമം അനുശാസിക്കുമ്പോഴും പരിശോധനനടപടികള്‍ പേരിലൊതുങ്ങുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനകള്‍ ആധുനിക ഉപകരണങ്ങളുടെ അഭാവത്തില്‍ പൂര്‍ണതയില്‍ എത്തുന്നില്ല.
ബസ് സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ചുമാത്രം നടക്കുന്ന പരിശോധനയില്‍ മറ്റ് സ്വകാര്യവാഹനങ്ങള്‍ വിട്ടുപോകുന്നെന്ന പരാതി വ്യാപകമാണ്. തിരക്കേറിയ സ്ഥലങ്ങളിലും നഗരപരിധിയിലും 60 ഡെസിബെല്ലിന് മുകളില്‍ ശബ്ദമുള്ള ഹോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമം.
പൊലീസിന്റെ പരിശോധനയില്‍ ഹോണുകളുടെ ശബ്ദതീവ്രത പരിശോധിക്കാത്തതിനാല്‍ ഓട്ടോറിക്ഷകള്‍ മുതല്‍ സ്വകാര്യബസുകളില്‍ വരെ അമിതശബ്ദത്തിലുള്ള ഹോണുകളുടെ ഉപയോഗം വ്യാപകമാണ്.
വാഹനക്കമ്പനികളും 55 ഡെസിബെലില്‍ താഴെയുള്ള ഹോണുകളാണ് നിര്‍മിക്കുന്നത്. ഇതു പിന്നീട് മാറ്റിയാണ് സ്വകാര്യബസുകളും ആഡംബര വാഹനങ്ങളും ഓട്ടോറിക്ഷകളും വരെ നിരത്തുകളില്‍ ഓടുന്നത്. എയര്‍ ഹോണുകള്‍ മാത്രമാണ് സാധാരണ പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പിന് കണ്ടെത്താന്‍ കഴിയുന്നത്.
പരിശോധനക്ക് ആധുനിക സംവിധാനങ്ങള്‍ ഒരുക്കണമെന്ന വകുപ്പുതല ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല. ശബ്ദതീവ്രത അളക്കുന്ന ഉപകരണമായ ഡെസിബെല്‍ മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന നിരത്തുകളിലെവിടെയും നടക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.