പാലപ്പെട്ടിയിൽ വീട് അടിച്ചുതകർത്ത സംഭവം; കാപ്പ കേസ് പ്രതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പാലപ്പെട്ടി: പാലപ്പെട്ടി ബീച്ചിൽ പട്ടാപകൽ വീട് അടിച്ചുതകർത്ത സംഭവത്തിൽ കാപ്പ കേസ് പ്രതികൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസ് പിടിയിൽ. പാലപ്പെട്ടി സ്വദേശികളായ മരക്കാരകത്ത് നൗഷാദ് (38), ആലുങ്ങൽ റാഫി (38), ആലുങ്ങൽ ഹിദായത്തുല്ല (36), ചോഴിയാരകത്ത് ഷാഹുൽഹമീദ് (27), ചോഴിയാരകത്ത് സക്കീർ (34) എന്നിവരെയാണ് മലപ്പുറം എസ്.പി വിശ്വനാഥിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ സി.വി. ബിജു, സബ് ഇൻസ്പെക്ടർമാരായ ഡേവിസ്, വിജു എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മരക്കാരകത്ത് ഷംസുദ്ദീന്റെ തറവാട്ടുവീട്ടിൽ അതിക്രമിച്ചുകയറി സംഘം വീട് അടിച്ചുതകർക്കുകയും സമീപം നിർത്തിയിട്ട കാർ അടിച്ചുതകർക്കുകയും ചെയ്തത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
ആക്രമണത്തിൽ ഷംസുദ്ദീന്റെ മാതാവിനും സഹോദരിക്കും സഹോദരിയുടെ ഭർത്താവിനും പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിലായായിരുന്നു. സംഭവത്തിൽ ഇനിയും രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്. പ്രതി ഹിദായത്തുല്ലയും ഒളിവിൽ കഴിയുന്ന ഒരു പ്രതിയും കാപ്പ കേസ് പ്രതികളാണ്. ആലുങ്ങൽ റാഫി ഗുണ്ടാ പട്ടികയിലുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, മാസങ്ങൾക്കുമുൻപ് ഷംസുദ്ദീന്റെ പാലപ്പെട്ടി ആശുപത്രിക്കടുത്ത് ദേശീയപാതയോരത്തായുള്ള വീട്ടിൽ നിർത്തിയിട്ട കാറുകൾ കത്തിച്ച സംഭവത്തിൽ ഈ പ്രതികൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഷംസുദ്ദീന്റെ പിതാവിന്റെ സഹോദരന്റെ മകൻകൂടിയായ മരക്കാരകത്ത് നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു വീടും കാറും അടിച്ചുതകർത്തത്. പ്രവാസി വ്യവസായികൂടിയായ ഷംസുദ്ദീന്റെ വിദേശത്തെ കമ്പനിയിൽ ജീവനക്കാരനായിരുന്നു നൗഷാദ്. ഇവിടെവെച്ചു സാമ്പത്തിക ക്രമക്കേടുകൾ കാരണം കമ്പനിയിൽനിന്ന് നൗഷാദിനെ ഒഴിവാക്കി.
ക്രമക്കേട് സംബന്ധിച്ചുള്ള ഷംസുദ്ദീന്റെ പരാതിയിൽ നൗഷാദിനെതിരെ വിദേശത്ത് കേസുണ്ട്. ഇതുസംബന്ധിച്ചുള്ള വിരോധമാകാം അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ഉദയകുമാർ, വിഷ്ണു നാരായൺ, ജെറോം, ഗിരീഷ്, ശ്രീകുമാർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.