മാറഞ്ചേരി തുറുവാണം ബണ്ട് റോഡിൽ വൻ ഗർത്തം; ഉടൻ പരിഹാരം
text_fieldsമാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ബണ്ട് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത് നാടിനെയും കർഷകരെയും ആശങ്കയിലാഴ്ത്തി. പഞ്ചായത്ത് അധികൃതരുടെ സമയോചിത ഇടപെടലിൽ വലിയ പ്രതിസന്ധിക്ക് പരിഹാരമായി. ശനിയാഴ്ച ഉച്ചയോടെയാണ് ബണ്ട് റോഡിൽ ഗർത്തം കണ്ടത്. നാട്ടുകാർ ഉടൻ പഞ്ചായത്ത് പ്രസിഡൻറിനെ വിവരം അറിയിച്ചു. ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്തിരുന്ന പ്രസിഡന്റ് പി. ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉടൻ സ്ഥലത്തെത്തി മണിക്കൂറുകൾക്കകം പ്രശ്നത്തിന് പരിഹാരം കണ്ടു. ജൽജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ചെടുത്ത മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നികത്തി കുഴിയടച്ച് റോഡ് സഞ്ചാരയോഗ്യമാക്കി.
ബണ്ട് റോഡ് തകർന്നത് മണിക്കൂറുകൾക്കകം തന്നെ മണ്ണിട്ട് നികത്തിയതോടെ വലിയ ദുരിതത്തിൽ നിന്നാണ് കരകയറിയത്. ബണ്ടിനപ്പുറം ഏക്കർ കണക്കിന് പുഞ്ചകൃഷി ആരംഭിച്ചിരുന്നു. ബണ്ടിനടിയിലെ പൂതച്ചേറാണ് ഗർത്തത്തിന് വഴിവെച്ചത്. മുല്ല മാട് കോൾ, നടുപ്പോട്ട കോൾ എന്നിവിടങ്ങളിലെ കൃഷി ഉൾപ്പടെ തകർച്ചയിലേക്ക് വഴിവെക്കുമായിരുന്നു. പ്രശ്നം പെട്ടെന്ന് പരിഹരിച്ചത് വലിയ ആശ്വാസമായെന്ന് കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.