പാതയോരത്ത് അപകട ഭീഷണിയായി വൻമരങ്ങൾ
text_fieldsപുലാമന്തോൾ: പാതയോരത്തെ വൻമരങ്ങൾ അപകട ഭീഷണിയാവുന്നു. കൊളത്തൂർ - പുലാമന്തോൾ റോഡിൽ പാലൂരിലാണ് ഭീഷണിയായി മരങ്ങളുള്ളത്. പാലൂരിൽനിന്ന് ചേലാർകുന്ന്, വടക്കൻ പാലൂർ, കിഴക്കേക്കര ഭാഗത്തേക്ക് പോകുന്ന റോഡിന്റെ കനാൽ ഭാഗത്താണ് പരിസരവാസികൾക്കും യാത്രക്കാർക്കും വൻമരങ്ങൾ ഭീഷണിയാവുന്നത്. തെക്കൻ പാലൂർ ജുമാമസ്ജിദ്, മദ്റസ എന്നിവ ഇതിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. പള്ളിയിലേക്ക് പോകുന്നവർ, മദ്റസ വിദ്യാർഥികൾ, പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ, പാലൂർ എൽ.പി സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവരെല്ലാം ഭീതിയോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് ആഴ്ചകൾക്ക് മുമ്പ് തൊട്ടടുത്ത് സ്വകാര്യ വ്യക്തിയുടെ മരം പൊട്ടിവീണ് രണ്ട് വൈദ്യുതി കാലുകൾ തകർന്നിരുന്നു.
വടക്കൻ പാലൂർ, ചേലാർക്കുന്ന് ഭാഗത്തേക്കുള്ള വൈദ്യുതി കമ്പികളും ഈ മരങ്ങളുടെ താഴ്ഭാഗത്ത് കൂടെയാണ് പോകുന്നത്. ഇതിലൂടെയുള്ള സഞ്ചാരം ഭീതിയോടെയാണ് ജനം നോക്കിക്കാണുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞ വർഷം പുലാമന്തോൾ ഗ്രാമപഞ്ചായത്തിലും പെരിന്തൽമണ്ണ താലൂക്ക് സമിതിയിലും പരാതി നൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് പുലാമന്തോൾ ഗ്രാമപഞ്ചായത്തിലും വില്ലേജ് ജനകീയ സമിതിയിലും നാട്ടുകാർ ഒപ്പുശേഖരണം നടത്തിയും പരാതി നൽകുകയുണ്ടായി. അത്യാഹിതം സംഭവിക്കുന്നത് വരെ കാത്തിരിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.