പൊന്നാനിയിൽ കടലേറ്റം രൂക്ഷം
text_fieldsപൊന്നാനി: മൺസൂണിന്‍റെ ഭാഗമായി വേലിയേറ്റ സമയങ്ങളിൽ പൊന്നാനിയിൽ കടലേറ്റം ശക്തം. കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടൽ കരയിലേക്ക് ആഞ്ഞടിക്കുന്നത്. പൊന്നാനി ഹിളർ പള്ളി പരിസരം, എം.ഇ.എസിന് പിൻഭാഗം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി ഭാഗങ്ങളിലാണ് കടലേറ്റം ശക്തമായത്. ദിവസങ്ങൾക്കകം അഞ്ച് മീറ്ററോളം കരഭാഗമാണ് കടൽ കവർന്നത്.
ഈ ഭാഗത്തെ നിരവധി തെങ്ങുകളും കടപുഴകി. ഉയർന്ന തിരമാലകളല്ലാത്തതിനാൽ ഭിത്തിയുള്ള മേഖലകളിൽ സാരമായി ബാധിച്ചില്ല. എന്നാൽ, പൊന്നാനിയിൽ നിരവധി സ്ഥലങ്ങളിൽ കടൽഭിത്തിയില്ല. കഴിഞ്ഞ കടൽക്ഷോഭത്തിൽ കൂടുതൽ നാശം സംഭവിച്ച സ്ഥലങ്ങളിൽ ഭിത്തിനിർമാണം ആരംഭിക്കാൻ പദ്ധതിയായെങ്കിലും ഇത് നടപ്പാവാത്തതാണ് വീണ്ടും നാശനഷ്ടങ്ങൾക്ക് ഇടയാക്കുന്നത്.
ഭിത്തിയില്ലാത്ത സ്ഥലങ്ങളിൽ തിരയടിച്ച് രണ്ടാൾ പൊക്കത്തിലാണ് മണൽത്തിട്ടയുള്ളത്. ഈ മണൽ ഓരോ നിമിഷവും കടലിലേക്ക് പതിക്കുകയാണ്. അടിയന്തരമായി കടൽഭിത്തി പുനർനിർമിച്ചാൽ മാത്രമെ ഇതിന് പരിഹാരമാവൂ എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലോരത്തെ വീടുകൾ പലയിടത്തും പൊളിച്ചുമാറ്റിയതിനാൽ തീരദേശത്തെ റോഡിലേക്കാണ് കടൽവെള്ളം ഇരച്ചെത്തുന്നത്. അലിയാർ പള്ളിമുതൽ മുറിഞ്ഞഴി വരെയുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.