തിരൂരങ്ങാടി പൊലീസിന്റെ റിപ്പോർട്ട് തള്ളി; വാഹനാപകടം ക്രൈംബ്രാഞ്ച് അന്വേഷിക്കണം
text_fieldsമലപ്പുറം: സി.സി.ടി.വി ദൃശ്യങ്ങളും ദൃക്സാക്ഷികളുമില്ലാത്ത വാഹനാപകട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. തിരൂരങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിന് വിടാൻ കമീഷൻ അംഗം കെ. ബൈജുനാഥ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് ബൈക്ക് അപകടത്തിൽ മരിച്ച യുവാവായ റിൻഷാദിന്റെ പിതാവ് പന്താരങ്ങാടി പൂക്കത്ത് വീട്ടിൽ പി.കെ. അബ്ദുൽ റഹിം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തിരൂരങ്ങാടി പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി നേരിട്ട് അന്വേഷിച്ച ശേഷമാണ് കമീഷന്റെ നിർദേശം. ബൈക്കിൽ തട്ടിയെന്ന് സംശയിക്കുന്ന പിക്അപ് വാനിന് സംഭവസമയം ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് കമീഷൻ കണ്ടെത്തി. സംഭവം നടന്ന് രണ്ടുമണിക്കൂറിനുശേഷം ഇൻഷുറൻസ് എടുത്തതിനെക്കുറിച്ച് തിരൂരങ്ങാടി പൊലീസ് അന്വേഷിച്ചിട്ടില്ലെന്ന് കമീഷൻ കണ്ടെത്തി.
പിക്അപ്പിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് ഏജൻറ് കമീഷനെ അറിയിച്ചു. മരിച്ച യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ല. എന്നാൽ, ഇക്കാര്യം ചാർജ് ഷീറ്റിൽ പറഞ്ഞിട്ടില്ല. സംഭവ സമയത്ത് അടുത്ത വീട്ടിൽ ഉണ്ടായിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചില്ല. അതിനാൽ വാഹനങ്ങളുടെ വേഗത കണ്ടെത്താനായില്ല.
പിക്അപ് തട്ടിയാണ് ബൈക്ക് മറിഞ്ഞതെന്ന ബന്ധുക്കളുടെ ആരോപണം തെളിയിക്കാൻ വാഹനങ്ങളുടെ ഫോറൻസിക് പരിശോധന നടത്തിയില്ല. ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും പൊലീസ് വ്യാജ സാക്ഷികളെ സൃഷ്ടിച്ചു. ഇതിൽ പലരും പിക്അപ് ഡ്രൈവറുടെ സുഹൃത്തുക്കളാണെന്ന് പരാതിയുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറി സ്വീകരിക്കുന്ന നടപടി ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്നും കമീഷൻ നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.