താനൂർ ഹാർബറിലെ മാലിന്യം നീക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതാനൂർ ഹാർബർ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷൻ അംഗം ജസ്റ്റിസ് ബൈജു നാഥ് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പരാതി കേൾക്കുന്നു
താനൂർ: താനൂർ മത്സ്യബന്ധന ഹാർബറിലെ മാലിന്യ പ്രശ്നത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടൽ. എസ്.ടി.യു മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് താനൂർ നൽകിയ പരാതിയെ തുടർന്ന് ഹാർബർ സന്ദർശിച്ച മനുഷ്യാവകാശ കമീഷൻ അംഗം ജസ്റ്റിസ് ബൈജുനാഥ് മാലിന്യ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പിന് നിർദേശം നൽകി.
പൊതുജനങ്ങളും മത്സ്യത്തൊഴിലാളികളും അധികൃതർക്ക് നിരന്തരം പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ. മത്സ്യത്തൊഴിലാളികൾക്ക് കുടിവെള്ള സൗകര്യമോ ശൗച്യാലയമോ സ്ഥാപിക്കാത്തതും നാട്ടുകാർ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തി.
2021 ൽ ഹാർബർ കമീഷൻ ചെയ്തെങ്കിലും പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തീകരിക്കാതെയാണ് പ്രവർത്തനമാരംഭിച്ചത്. പണി പൂർത്തീകരിക്കാത്തതിനാലാണ് മാലിന്യം പ്രദേശത്ത് അടിഞ്ഞുകൂടിയത്. ഇത് പകർച്ചവ്യാധികൾ പരത്തുമെന്ന നിലയിലേക്കെത്തിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്. മത്സ്യത്തൊഴിലാളികളുമായും പൊതുജനങ്ങളുമായും കമീഷൻ അംഗം ആശയ വിനിമയം നടത്തി. വിശദമായി പഠിച്ചശേഷം ജില്ല കലക്ടറുമായി ചർച്ച ചെയ്ത് തുടർ നടപടികൾ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഹാർബർ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, നഗരസഭ സെക്രട്ടറി അനുപമ, താനൂർ നഗരസഭ മുൻ ചെയർമാൻ പി.പി. ഷംസുദ്ദീൻ, സി.പി. അഷ്റഫ്, ആബിദ് വടക്കയിൽ, സിദ്ദീഖ് താനൂർ, ജില്ല മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ.കെ. പി. സൈതലവി, കെ.പി. ഹംസക്കോയ, സലാം കോട്ടിൽ, അഷ്റഫ് കുറുമ എന്നിവർ സംബന്ധിച്ചു.
തൊഴിലാളികൾക്കും പൊതുജനത്തിനും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രീതിയിലാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് പ്രവർത്തിക്കുന്നതെന്ന് താനൂർ മണ്ഡലം എസ്.ടി.യു കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തിൽ ഹാബിദ് വടക്കയിൽ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി. സൈതലവി, പി.നൗഷാദ്, ഇ.പി. കുഞ്ഞാവ, അക്ബർ ഉണ്ണിയാൽ, വി.പി. അബു താനാളൂർ, കെ.വി. അലി അക്ബർ, അബ്ദുൽ ബാരി , കെ.കെ.കാസിം, അഷ്റഫ് കാളാട് , കുഞ്ഞിമുഹമ്മദ് ഒഴൂർ, പി.കുഞ്ഞഹമ്മദ് പൊൻമുണ്ടം എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.