പയ്യനാട് വീണ്ടും പന്താരവം
text_fieldsമലപ്പുറം: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും കാൽപന്താരവത്തിന് വേദിയാകുന്നു. ഐ ലീഗ് രണ്ടാം ഡിവിഷൻ മത്സരങ്ങൾക്കാണ് പയ്യനാട് വേദിയാകുക. 2024 സെപ്റ്റംബർ ഒമ്പതിന് തുടക്കം കുറിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ശേഷമാണ് പയ്യനാട് ഐ ലീഗ് രണ്ടാം ഡിവിഷന്റെ കടന്ന് വരവ്. സൂപ്പർ ലീഗ് കേരളയിൽ നവംബറിൽ മലപ്പുറം എഫ്.സിയും തിരുവനന്തപുരം കൊമ്പന്മാരും തമ്മിലായിരുന്നു പയ്യനാട്ടിലെ അവസാന മത്സരം. ഐ ലീഗിന് ജനുവരി 25ന് പയ്യനാട് തുടക്കമാകും. സംസ്ഥാനത്തുനിന്ന് കേരളത്തെ പ്രതിനിധീകരിച്ച് സാറ്റ് എഫ്.സി തിരൂരാണ് ഐ ലീഗ് രണ്ടാം ഡിവിഷനിൽ മത്സരിക്കുന്നത്. സാറ്റ് എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് പയ്യനാട്.
ലീഗിൽ ആകെ എട്ട് മത്സരങ്ങളാണ് പയ്യനാട് നടക്കുക. നേരത്തെ കോട്ടപ്പടി സ്റ്റേഡിയമാണ് മത്സരത്തിന് പരിഗണിച്ചിരുന്നത്. എന്നാൽ കോട്ടപ്പടി സ്റ്റേഡിയത്തിലെ സൗകര്യ കുറവ് ചൂണ്ടിക്കാട്ടിയാണ് പയ്യനാട് വേദിയായത്.
ഹോം മത്സരങ്ങളിൽ ആദ്യം ബംഗളൂരു യുനൈറ്റഡ് എഫ്.സിയുമായി നടക്കും. 25ന് വൈകീട്ട് നാലിനാണ് മത്സരം. തുടർന്ന് ഫെബ്രുവരി ആറിന് യുനൈറ്റഡ് സ്പോർട്സ് ക്ലബ് കൊൽക്കത്ത, 12ന് ഇംഫാൽ നെരോക എഫ്.സി, 16ന് ക്ലാസ എഫ്.സി മണിപ്പൂർ, ഏപ്രിൽ മൂന്നിന് ചന്മരി എഫ്.സി മണിപ്പൂർ, 11ന് ഡയമണ്ട് ഹാർബർ എഫ്.സി കൊൽക്കത്ത, 19ന് ട്രോ എഫ്.സി ഇംഫാൽ എന്നിവയാണ് നടക്കുക.
ഫെബ്രുവരി 20ന് ചന്മരി എഫ്.സി മണിപ്പൂരുമായിട്ടാണ് സാറ്റ് എഫ്.സിയുടെ എവേ മത്സരം ആരംഭിക്കുന്നത്. നിലവിൽ ലീഗിനായി സാറ്റ് തിരൂർ പരിശീലനം തുടങ്ങിയിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ രാവിലെ 8.30 മുതൽ 11.30 വരെയാണ് പരിശീലനം. കോച്ച് ക്ലിയോസഫ് അലക്സിന്റെ നേതൃത്വത്തിലാണ് പരിശീലനം. 30 അംഗ ടീമിൽ 16 പേർ ജില്ലയിൽ നിന്നുള്ള കളിക്കാരാണ്. കൂടാതെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെയും തമിഴ്നാട്ടിൽ നിന്നുമുള്ളവരുമുണ്ട്.
കേരളത്തിലെ ടീമിമെന്ന നിലയിൽ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമമെന്ന് ടീം മാനേജർ മൊയ്തീൻ കുട്ടി അറിയിച്ചു. വയനാട് കൽപ്പറ്റയിൽ നടന്ന മൂന്നാം ലീഗ് ഡിവിഷനിൽ നിന്നാണ് ഐ. ലീഗ് രണ്ടാം ഡിവിഷനിലേക്ക് സാറ്റ് ടീം യോഗ്യത നേടിയത്. 2011ൽ ആരംഭിച്ച സാഫ് എഫ്.സി 14ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഐ. ലീഗ് രണ്ടിലേക്ക് കടന്നത് മികച്ച മുന്നേറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.