അനധികൃത കുഴൽക്കിണർ നിർമാണം തകൃതി; ചലനമില്ലാതെ ഭൂജല വകുപ്പും
text_fieldsമലപ്പുറം: ജില്ലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃത കുഴൽക്കിണർ നിർമാണം വർധിക്കുന്നു. ലൈസൻസില്ലാതെയും ഗുണനിലവാരം കുറഞ്ഞ പൈപ്പുകളുപയോഗിച്ചും മറ്റ് സർക്കാർ നിബന്ധനകൾ പാലക്കാതെയും വ്യാപകമായി കുഴൽക്കിണർ നിർമാണം തുടരുകയാണ്. ലൈസൻസില്ലാതെ അനധികൃത നിർമാണപ്രവൃത്തി തടയാനും പിഴ ഈടാക്കാനും ഭൂജല വകുപ്പിനാണ് അധികാരം. എന്നാൽ, ഇത്തരം പ്രവൃത്തികളിൽ വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകാറില്ല. ഇത് അനധികൃത ഏജൻസികൾക്കും നിബന്ധനകൾ അവഗണിക്കുന്നവർക്കും ഗുണമാവുന്നുണ്ട്. അതേസമയം, ജീവനക്കാരുടെ കുറവും ജില്ലയുടെ ഭൂവിസ്തൃതിയും ഇത്തരം പരിശോധനകൾക്ക് വിനയാവുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. കഴിഞ്ഞ ദിവസം ഇറങ്ങിയ പുതിയ ഉത്തരവ് പ്രകാരം ലൈസൻസില്ലാതെ കുഴൽക്കിണർ നിർമിച്ചാൽ ഏജൻസിയിൽനിന്ന് ഒരുലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ്. നേരത്തേ ഇത് 25,000 രൂപയായിരുന്നു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന നിരവധി സംഘങ്ങൾ കുഴൽക്കിണർ നിർമാണരംഗത്ത് ജില്ലയിൽ സജീവമാണ്.
വില കുറച്ച് നൽകി കരാറുകൾ ഏറ്റെടുത്ത് കുഴൽക്കിണർ കുഴിച്ച് പോകുന്ന ഇവർ പിന്നീട് വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തരവാദിത്തം ഏറ്റെടുക്കാറില്ല. പെട്ടെന്നുതന്നെ പൊട്ടിപ്പോകുന്ന പൈപ്പുകൾമൂലം പല കുഴൽക്കിണറിലും വേഗത്തിൽ ചളി നിറയുന്നതായും കാലക്രമേണ നശിച്ചുപോകുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
നിലവാരം കുറഞ്ഞ പൈപ്പുകളും
സർക്കാർ മാനദണ്ഡപ്രകാരം ഐ.എസ്.ഐ മാർക്കുള്ള പൈപ്പുകളാണ് കുഴൽക്കിണറുകളിൽ ഉപയോഗിക്കേണ്ടത്.
ആറുമീറ്റർ നീളമുള്ള ഐ.എസ്.ഐ മാർക്കുള്ള പി.വി.സി കേയ്സിങ് പൈപ്പുകൾക്ക് ശരാശരി 4000 രൂപവരെ വിലയുണ്ട്. എന്നാൽ, രജിസ്ട്രേഷൻ ഇല്ലാത്ത കുഴൽക്കിണർ നിർമാതാക്കൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് 2000 രൂപക്ക് താഴെ ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത പി.വി.സി പൈപ്പുകൾ ഉപയോഗിക്കുന്നതായി വിവരമുണ്ട്.
ചില തദ്ദേശസ്ഥാപനങ്ങളുടെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെടെ ഇത്തരം നിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ പെപ്പിട്ട് മാസങ്ങൾക്കുള്ളിൽ മാറ്റിയ സംഭവങ്ങളം ഉണ്ടായിട്ടുണ്ട്. കാണുമ്പോൾ ഒരുപോലെയുള്ള പൈപ്പുകൾ ഉപയോഗിച്ച്, ഗുണഭോക്താക്കളെ വഞ്ചിച്ചുകൊണ്ടാണ് പല ഏജൻസികളും നിർമാണം നടത്തുന്നതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
പരാതി നൽകി
അനധികൃത റിഗ്ഗുകൾ ഉപയോഗിച്ച് ജില്ലയിൽ നടക്കുന്ന കുഴൽക്കിണർ നിർമാണം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിഗ് ഓണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി കലക്ടർ, ഭൂജല വകുപ്പ് ജില്ല ഓഫിസർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തം ഏജൻസികൾക്കെതിരായ നടപടി വിശദമാക്കി ഭൂജല വകുപ്പ് പുതിയ ഉത്തരവിറക്കിയിട്ടുണ്ടെന്നും ഉത്തരവ് ഔദ്യോഗികമായി ലഭിക്കുന്ന മുറക്ക് കർശന നടപടി സ്വീകരിക്കുമെന്നും ഭൂജല വകുപ്പ് ജില്ല ഓഫിസർ അനിത നായർ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.