കോളജ് ഗ്രൗണ്ടിൽ വാഹനങ്ങളുടെ അഭ്യാസപ്രകടനം; വടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്
text_fieldsഅരീക്കോട്: അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജിന്റെ മൈതാനത്ത് നിയമങ്ങൾ കാറ്റിൽപറത്തി വാഹനങ്ങൾ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദ സംഭവം നടന്നത്. സ്വകാര്യവ്യക്തികളുടെ നേതൃത്വത്തിൽ കോളജ് മൈതാനം വാടകക്കെടുത്ത് മോട്ടോർ വാഹന എക്സ്പോ എന്ന പേരിലാണ് അഭ്യാസപ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വലിയരീതിയിൽ പ്രചരിക്കുകയും തുടർന്ന് മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊണ്ടാട്ടി ജോയന്റ് ആർ.ടി.ഒ എം. അൻവർ നടപടി എടുത്തത്.
മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെ നിരത്തിലൂടെ എത്തിയ നിരവധി വാഹനങ്ങളാണ് ഇവിടെ നടന്ന അഭ്യാസപ്രകടനത്തിൽ പങ്കെടുത്തത്. ഇതിനായി മലപ്പുറം, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ആഡംബര കാറുകളാണ് കോളജ് മൈതാനത്ത് എത്തിയിരുന്നത്. ഇത് കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. ഇവരുടെ സുരക്ഷപോലും നോക്കാതെയാണ് കോളജ് മൈതാനത്ത് അഭ്യാസപ്രകടനം നടന്നത്.
വാഹനങ്ങളുടെ നിയമവിരുദ്ധ രൂപമാറ്റം, എയർ ഹോൺ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങളാണ് ഇവിടെയെത്തിയത്. ഇതിനെതിരെയാണ് ബുധനാഴ്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കോളജിലെത്തി പ്രിൻസിപ്പലിന് നോട്ടീസ് നൽകിയത്. എന്നാൽ, മോട്ടോർ വാഹന എക്സ്പോ നടത്താനാണ് കോളജ് അധികൃതർ മൈതാനം വിട്ടുനൽകിയത്.
ഒരു തരത്തിലുള്ള അഭ്യാസപ്രകടനങ്ങൾക്കും അനുമതി നൽകിയിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് കോളജ് അധികൃതർ പറഞ്ഞത്. സംഭവത്തിൽ 19 വാഹനങ്ങളുടെ പട്ടിക കോളജ് അധികൃതർ തങ്ങൾക്ക് കൈമാറിയതായി കൊണ്ടോട്ടി ജോയന്റ് ആർ.ടി.ഒ എം. അൻവർ ‘മാധ്യമ’ത്തോട് പറഞ്ഞു.വാഹനങ്ങളുടെ രേഖകൾ പരിശോധിച്ച് നിയമലംഘനം നടത്തിയവർക്കെതിരെ ആർ.സി, ലൈസൻസ് എന്നിവ ഉൾപ്പെടെ സസ്പെൻഡ് ചെയ്യുന്ന കർശന നടപടി വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.