ജാഗ്രതൈ... മാലിന്യം തള്ളിയാൽ പിടിവീഴും
text_fieldsമമ്പാട്: പൊതുനിരത്തിൽ മാലിന്യം തള്ളിയതിന് മമ്പാട് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴ ചുമത്തി. കെ.എൻ.ജി റോഡിൽ ഇപ്പൂട്ടിങ്ങൽ ഭാഗത്ത് പൊതുസ്ഥലത്താണ് മാലിന്യം തള്ളിയത്. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ഷമീറിന്റെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യത്തിൽനിന്ന് സ്ഥാപനത്തിന്റെ പേര് വിവരങ്ങൾ ലഭ്യമായി. ഇതോടെ ഉടമയെ വിളിച്ചുവരുത്തി മാലിന്യം നീക്കം ചെയ്യിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ഹരിത കർമസേന അംഗങ്ങൾ വാർഡുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കൾ താൽക്കാലികമായി സംഭരിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫിന് സമീപം മാലിന്യം വലിച്ചെറിയുന്ന പ്രവണത കണ്ടുവരുന്നതായും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം എല്ലാ മാസവും യൂസർ ഫീ നൽകി കൃത്യമായി ഹരിത കർമസേനക്ക് കൈമാറണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. അവിസന്ന അറിയിച്ചു.
പുഴയിൽ മാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി; മൂന്നുപേർക്കെതിരെ കേസ്
എടക്കര: പുഴയിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചു. മാലിന്യ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെ പുന്നപ്പുഴയുടെ കാറ്റാടിക്കടവിലാണ് സംഭവം.
പുഴയിൽ പതിവായി മാലിന്യം തള്ളുന്നത് ശ്രദ്ധയിപ്പെട്ട നാട്ടുകാർ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുന്നതിനിടെയാണ് മാലിന്യവുമായി മിനി ടാങ്കർ ലോറി എത്തിയത്. വിവരമറിഞ്ഞെത്തിയ മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനം തടഞ്ഞ് പൊലീസിൽ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ എടക്കര പൊലീസ് മാലിന്യം കയറ്റിവന്ന മിനി ടാങ്കർ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹന ഉടമ, ഡ്രൈവർ, സ്ഥാപന ഉടമ എന്നിവർക്കെതിരെയാണ് കേസെടുത്തത്. എടക്കര ടൗണിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണിതെന്ന് നാട്ടുകാർ പറയുന്നു. കാറ്റാടി, മുപ്പിനി, നിലമ്പൂർ എന്നിവിടങ്ങളിൽ പുഴയിൽ സ്ഥിരമായി മാലിന്യം തള്ളുന്നതായി നേരത്തേ തന്നെ പരാതിയുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.