ആനമങ്ങാട് മുഴന്നമണ്ണയിൽ കാറ്റിലും മഴയിലും 14 വീട് തകർന്നു
text_fieldsപെരിന്തൽമണ്ണ: വെള്ളിയാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ആനമങ്ങാട് മുഴന്നമണ്ണയിൽ 14 വീടുകൾ ഭാഗികമായി തകർന്നു. വൻ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.
കാർഷിക മേഖലയിൽ ഉൾപ്പെടെ ലക്ഷങ്ങളുടെ നാശം വിതച്ചു. പെരടികുഴി പരിയാണി, രാമൻ, ചക്കി, രേവി, കല്യാണി, അയ്യപ്പൻ, ഹുസൻ നെല്ലേങ്ങര, ബഗത്തണ്ണ നിവാസിൽ ബാബുരാജ്, രാധാകൃഷ്ണൻ കളരിക്കൽ, ളംറത്ത് നെല്ലേങ്ങര, ഉമ്മർ നെല്ലേങ്ങര, ചേർക്കുന്നൻ മുസ്തഫ, നൗഷാദ് കൊങ്കത്ത്, സൈദ് തൂളിയത്ത് ഇ.കെ. ഉമ്മർ തുടങ്ങിയവരുടെ വീടുകളാണ് തകർന്നത്.
വീശിയടിച്ച കാറ്റിൽ തേക്ക്, പ്ലാവ്, മാവ് തുടങ്ങിയ വൻ മരങ്ങൾ കടപുഴകി. നിരവധി തെങ്ങും റബർ മരങ്ങളും പൊട്ടി വീണു. ഏക്കർ കണക്കിന് വാഴകൃഷിയും നശിച്ചു. റോഡിലേക്ക് മരങ്ങൾ കടപുഴകിയതിനാൽ പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ മുന്നിട്ടിറങ്ങി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. പലയിടങ്ങളിലായി വൈദ്യുതി തൂണുകളും മറിഞ്ഞു വീണതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
മൂന്നാഴ്ച മുമ്പും ആലിപ്പറമ്പ് പഞ്ചായത്തിൽ തൂത മേഖലയിൽ കാറ്റിലും മഴയിലും നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണിരുന്നു. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കാറ്റും മഴയും: മൂർക്കനാട്, വെങ്ങാട്, കൊളത്തൂർ പ്രദേശങ്ങളിൽ വ്യാപക നാശം
കൊളത്തൂർ: മഴയിലും കാറ്റിലും മൂർക്കനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ മൂർക്കനാട്, വെങ്ങാട്, കൊളത്തൂർ പ്രദേശങ്ങളിലാണ് വ്യാപക നാശം സംഭവിച്ചത്. പലയിടത്തും മരങ്ങള് കടപുഴകി. മരങ്ങൾ വീണ് വൈദ്യുതി വിതരണം മണിക്കൂറുകൾ മുടങ്ങി. മൂർക്കനാട് മേഖലയിൽ എട്ട് വൈദ്യുതി കാലുകൾ തകർന്നു. കൊളത്തൂർ പള്ളിയാൽകുളമ്പ്, പാറമ്മലങ്ങാടി, കുരുവമ്പലം ഭാഗങ്ങളിലും മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
മൂർക്കനാട് പടിഞ്ഞാറ്റുംപുറത്ത് കലകപ്പാറ ബിയ്യത്തിൽ സഹലയുടെ വീടിനു മുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു. മച്ചിങ്ങൽ ഷൗക്കത്തിെൻറ വീട്ടുവളപ്പിെൻറ ചുറ്റുമതിൽ തകർന്നു. വെങ്ങാട് കൃഷിഭവൻ ഭാഗത്ത് മിന്നലിൽ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.