ചെങ്ങരയിൽ അജൈവ മാലിന്യം അജ്ഞാതർ തീയിട്ട് നശിപ്പിച്ചു
text_fieldsകാവനൂർ: പഞ്ചായത്തിന്റെ എം.സി.എഫിൽ (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സൂക്ഷിച്ച അജൈവ മാലിന്യം സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. ചെരണി മട്ടത്തിരിക്കുന്നിലെ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ച അജൈവ മാലിന്യം വെള്ളിയാഴ്ച രാത്രി 11നാണ് അജ്ഞാതർ തീയിട്ട് നശിപ്പിച്ചത്. ഹരിത കർമ സേന വീടുകളിൽനിന്നും മറ്റും ശേഖരിച്ച അജൈവ മാലിന്യം മാസങ്ങളായി പഞ്ചായത്ത് ഓഫിസ് പരിസരത്താണ് സൂക്ഷിച്ചിരുന്നത്. ഓഫിസ് പരിസരം വൃത്തിഹീനമായതിനെ തുടർന്ന് മാലിന്യം ഇവിടെനിന്ന് നീക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മട്ടത്തിരിക്കുന്നിലെ ഒന്നരയേക്കാർ ഭൂമിയാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ മട്ടത്തിരിക്കുന്നിൽ അജൈവ മാലിന്യവുമായി ആദ്യ വാഹനം എത്തിയതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ പൊലീസ് ഇടപെടുകയും 23 പേരെ അറസ്റ്റ് ചെയ്യുകയും സംഘർഷത്തിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മട്ടത്തിരിക്കുന്നിലേക്ക് എത്തിച്ച ആദ്യ ലോഡ് അജൈവ മാലിന്യം ഇവിടെ ഇറക്കിയിരുന്നു. ഇതാണ് വെള്ളിയാഴ്ച അർധരാത്രി കത്തിനശിച്ചത്.
എം.സി.എഫ് കേന്ദ്രം കാവനൂർ പഞ്ചായത്ത് സെക്രട്ടറി ടി.പി. രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി ആശ കമൽ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു. നാല് ടൺ അജൈവ മാലിന്യം പൂർണമായി കത്തിനശിച്ചതായി കാവനൂർ പഞ്ചായത്ത് സെക്രട്ടറി ടി.പി. രാജേഷ് പറഞ്ഞു. ഇവക്ക് ഏകദേശം 35,000 രൂപ വില മതിപ്പുണ്ടെന്നും ഇതിന് പുറമെ കേന്ദ്രത്തിൽ ഉണ്ടായിരുന്ന മറ്റു സാമഗ്രികളും ഉൾപ്പെടെ രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കാവനൂർ പഞ്ചായത്ത് സെക്രട്ടറി അരീക്കോട് പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസലി പറഞ്ഞു. അതേസമയം, കാവനൂർ പഞ്ചായത്തിന്റെ എം.സി.എഫ് കേന്ദ്രം മട്ടത്തിരിക്കുന്നിലെ ജനവാസ മേഖലയിലേക്ക് മാറ്റിയതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഒരു കാരണവശാലും മട്ടത്തിരിക്കുന്നിലെ ഒന്നര ഏക്കർ ഭൂമിയിൽ മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.