'ഹീനമായ വാഹനാപകട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടി'
text_fieldsഎടപ്പാൾ: ഹീനമായ വാഹനാപകട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലൈസൻസും വാഹനത്തിന്റെ ആർ.സിയും ആജീവനാന്തകാലം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ടെന്ന് ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിത്ത് പറഞ്ഞു. കണ്ടനകം ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ഡി.ടി.ആറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ആരംഭിക്കും. പോളണ്ട് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഡ്രൈവർമാർക്ക് നിരവധി അവസരങ്ങളുണ്ട്.
ഇതിനായി വിദേശത്തുനിന്ന് വിദഗ്ധർ എത്തി പരിശീലനം നൽകും. ഇതിനുവേണ്ട സൗകര്യങ്ങൾ ഐ.ഡി.ടി.ആറിൽ ഒരുക്കും. ആദ്യഘട്ടത്തിൽ പോളണ്ടിൽ ഡ്രൈവർ ജോലിക്ക് പോകുന്ന 100ഓളം പേരെയാണ് പരിശീലിപ്പിക്കുന്നത്. വലിയ രീതിയിലുള്ള വാഹന അപകടങ്ങളിൽപെടുന്നവർക്ക് പ്രത്യേക ക്ലാസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഐ.ഡി.ടി.ആറിൽ നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ട്രാൻസ്പോർട്ട് കമീഷണറായി ചുമതലയേറ്റശേഷം ആദ്യമായാണ് എസ്. ശ്രീജിത്ത് എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. ഐ.ഡി.ടി.ആറിലെ ട്രാക്കുകളുടെയും മറ്റും കാര്യക്ഷമത നേരിട്ടുകണ്ട് വിലയിരുത്തി. തുടർന്ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ മോട്ടോർ വാഹന വകുപ്പുകൾ ഉൾപ്പെട്ട സെൻട്രൽ സോണിന്‍റെ യോഗം ചേർന്നു. യോഗത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ എ.പി. ജയിംസ്, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ പ്രമോജ് എന്നിവരും ആർ.ഡി.ഒമാരും എം.വി.ഐമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.