കെ.എസ്.ആർ.ടി.സിയിൽ ഉല്ലാസയാത്രക്കെത്തിയവർക്ക് സ്വകാര്യ ടൂറിസ്റ്റ് ബസ്, പ്രതിഷേധവുമായി യാത്രികർ
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ ഉല്ലാസ യാത്ര പ്രതീക്ഷിച്ച് എത്തിയവർക്കായി ഒരുക്കിയത് സ്വകാര്യ ടൂറിസ്റ്റ് ബസ്. ഇതിനെതിരെ പ്രതിഷേധവുമായി വിനോദയാത്രികർ. ഒടുവിൽ യാത്രക്കാരുടെ കെ.എസ്.ആർ.ടി.സി 'സ്നേഹ'ത്തിന് കീഴടങ്ങി അധികൃതർ.
കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി ഒരുക്കിയ ബസിനെതിരെയായിരുന്നു പ്രതിഷേധം. മലപ്പുറം ഡിപ്പോയിൽ നിന്നും ബുധനാഴ്ച രാവിലെ മൂന്നാറിലേക്കുള്ള ഉല്ലാസയാത്രക്കായി അധികൃതർ സ്വകാര്യ ടൂറിസ്റ്റ് ബസായിരുന്നു ഒരുക്കിയത്. കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് കരാർ പ്രകാരമുള്ള സ്വകാര്യ ടൂറിസ്റ്റ് ബസായിരുന്നു ഏർപ്പെടുത്തിയത്. ഇതിനെതിരെയാണ് വിനോദയാത്രക്ക് എത്തിയവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മൂന്നാറിലേക്കുള്ള ബസിൽ സ്ത്രീകളും കുട്ടികളും അടക്കം 49 പേരാണ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്. ഇവർ യാത്ര പുറപ്പെടാനായി രാവിലെ പത്തോടെ മലപ്പുറം ഡിപ്പോയിലെത്തിയപ്പോഴാണ് കെ.എസ്.ആർ.ടി.സിക്ക് പകരം സ്വകാര്യ ടൂറിസ്റ്റ് ബസ് കാണുന്നത്.
ഇതോടെയാണ് യാത്രക്കാരിൽ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിയത്. കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യാൻ വേണ്ടിയാണ് ബജറ്റ് ടൂറിസം പദ്ധതിയിൽ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും ടൂറിസ്റ്റ് ബസിൽ പോകാനാണെങ്കിൽ ട്രാവൽ ഏജൻസികളെ ചുമതലപ്പെടുത്തിയാൽ പോരെ എന്നും യാത്രക്കാർ ചോദിച്ചു. സ്വകാര്യ ബസാണെന്ന വിവരം ബുക്ക് ചെയ്യുന്ന സമയത്ത് തങ്ങളെ അറിയിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.
യാത്ര റദ്ദാക്കുകയോ അല്ലെങ്കിൽ കെ.എസ്.ആർ.ടി.സി ബസോ അനുവദിക്കണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. ഇതോടെ, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അടക്കമുള്ളവർ ഇടപ്പെട്ടെങ്കിലും ഭൂരിഭാഗം യാത്രക്കാരും ഉറച്ചുനിന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ആസ്ഥാനവുമായി ബന്ധപ്പെട്ടെങ്കിലും ലഭ്യമായ യാത്രക്കാരെ ഉപയോഗിച്ച് സർവിസ് നടത്താനായിരുന്നു നിർദേശം. ഇതിനിടെ, മലപ്പുറം പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ അമീറലിയുടെ നേതൃത്വത്തിലുള്ള സംഘവും ഡിപ്പോയിലെത്തി. തുടർന്ന് പൊലീസിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കാൻ അധികൃതർ തയ്യാറായത്. ഇതോടെ, പ്രതിഷേധം അവസാനിപ്പിച്ച് യാത്രക്കാർ ബസ് മാറി കയറുകയും 11 ഓടെ യാത്ര പുറപ്പെട്ടു. ജൂൺ ഒമ്പതിനാണ് മലപ്പുറം ഡിപ്പോയിൽ നിന്നും വെറ്റ് ലീസ് പ്രകാരമുള്ള സർവിസുകൾ ആരംഭിച്ചത്. ഇതിനകം മൂന്നാറിലേക്കും ഊട്ടിയിലേക്കും പദ്ധതി പ്രകാരം നേരത്തെ സർവിസുകൾ നടന്നിരുന്നു.
ബജറ്റ് ടൂറിസത്തിന് സ്വകാര്യബസ്: തൊഴിലാളികൾക്കും എതിർപ്പ്
മലപ്പുറം: കെ.എസ്.ആർ.ടി.സി വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനായി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതിയിൽ സ്വകാര്യ ടൂറിസ്റ്റ് ബസ് ഏർപ്പെടുത്തുന്നതിൽ തൊഴിലാളികൾക്കും എതിർപ്പ്. വിഷയത്തിൽ മലപ്പുറത്ത് നിന്നും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) ഭാരവാഹികൾ മുഖ്യമന്ത്രിക്കും കെ.എസ്.ആർ.ടി.സി ഉന്നതർ അടക്കമുള്ളവർക്ക് ഈ മാസം പരാതി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാനുള്ള യാത്രക്കാരുടെ ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തിലാണ് ബജറ്റ് ടൂറിസത്തിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നത്. ഈ പദ്ധതിയിലേക്ക് യാത്രക്കാരെ കാൻവാസ് ചെയ്യുന്നതും ടിക്കറ്റ് ബുക്കിങ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും കെ.എസ്.ആർ.ടി.സിയാണ്. വരുമാനം വർധിപ്പിക്കാനുള്ള മാർഗം കൂടിയാണിത്. സ്വകാര്യബസുകൾ ഉപയോഗിക്കുന്നതിലൂടെ വരുമാനം കുറയുമെന്നും തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.