മലപ്പുറം നഗരസഭയിൽ ഭരണത്തിലും പ്രതിപക്ഷത്തും എം.ബി.എക്കാർ നയിക്കും
text_fieldsമലപ്പുറം നഗരസഭാധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്ത മുജീബ് കാടേരിക്ക് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മധുരം നൽകുന്നു
മലപ്പുറം: നഗരസഭയിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നയിക്കുന്നത് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരികൾ. ചെയർമാൻ മുജീബ് കാടേരിയും സി.പി.എം കക്ഷിനേതാവ് ഒ. സഹദേവനും എം.ബി.എക്കാരാണ്. 29കാരിയായ വൈസ് ചെയർപേഴ്സൻ കൊന്നോല ഫൗസിയ കുഞ്ഞിപ്പുവിന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ട്.
അനുമോദനയോഗത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, പി. ഉബൈദുല്ല എം.എൽ.എ, മുനിസിപ്പൽ സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യം, സി.എച്ച്. ജമീല, പെരുമ്പള്ളി സെയ്ദ്, പി.വി. മുഹമ്മദലി, നൗഷാദ് മണ്ണിശ്ശേരി, ഒ. സഹദേവൻ, മുസ്തഫ, ഉപ്പൂടൻ ഷൗക്കത്ത്, ഹാരിസ് ആമിയൻ, പരി ഉസ്മാൻ, കെ.വി. ശശി എന്നിവർ സംസാരിച്ചു.
നഗരഭരണത്തിൽ മലപ്പുറം മാതൃകയുണ്ടാക്കും –മുജീബ്
ലോകത്തിന് നിരവധി മാതൃകകൾ സമ്മാനിച്ച ജില്ലയാണ് മലപ്പുറമെന്നും നഗരഭരണത്തിലെ മലപ്പുറം മോഡൽ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും മുജീബ് കാടേരി. നഗരസഭാധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്തശേഷം നടന്ന അനുമോദനച്ചടങ്ങിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
'കഴിവുകെട്ടവനെന്ന് എന്നെപ്പറ്റി കേട്ടേക്കാം. എന്നാൽ, അഴിമതിക്കാരെന്ന് കേൾക്കേണ്ടിവരില്ല'എന്ന മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ വാക്കുകൾ ഉദ്ദരിച്ചാണ് മുജീബ് സംസാരം തുടങ്ങിയത്. ഒരുശതമാനം സാധ്യത മാത്രമുള്ളകാര്യമാണെങ്കിലും ഉദ്യോഗസ്ഥർ ആത്മാർഥമായി പ്രവർത്തിച്ച് യാഥാർഥ്യമാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കാൽനൂറ്റാണ്ടിനിപ്പുറം കസേരയേറി മകൻ കാടേരി
32 കൊല്ലം മുമ്പ് പിതാവിെൻറ കൈപിടിച്ച് മുജീബ് കാടേരി ആദ്യമായി മലപ്പുറം നഗരസഭ കാര്യാലയത്തിെൻറ പടികയറുമ്പോൾ എട്ടുവയസ്സ് മാത്രമായിരുന്നു. കൗൺസിൽ ഹാളും ചെയർമാെൻറയും വൈസ് ചെയർമാെൻറയും കസേരകളുമെല്ലാം അന്ന് കൗതുകക്കാഴ്ചകളായിരുന്നെങ്കിൽ വർഷങ്ങൾക്കിപ്പുറം നഗര ഭരണസമിതിയുടെ തലപ്പത്ത് എത്താൻ കഴിഞ്ഞതിലെ ചാരിതാർഥ്യം. ഏഴുവർഷം ഉപാധ്യക്ഷനായിരുന്ന കാടേരി അബ്ദുൽ അസീസിെൻറ മകനാണ് മുജീബ്. 1998 മുതൽ 2000 വരെ കൗൺസിലറും 1998-95 കാലയളവിൽ വൈസ് ചെയർമാനുമായിരുന്നു അസീസ്.
40കാരനായ മുജീബിന് നഗരസഭയിലേക്ക് ഇത് രണ്ടാം അംഗമായിരുന്നു. 2010ലും 30ാം വാർഡ് ആലത്തൂർപ്പടിയിൽ മത്സരിച്ചെങ്കിലും മുസ്ലിം ലീഗ് വിമതനോട് പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പുകാലത്തെ ചെയർമാൻസ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരായിരുന്നു മുജീബിേൻറത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാണിപ്പോൾ. മാതാവ് പരേതയായ ഇ.ടി. സഫിയ. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ സഹോദരിയാണ്. മകെൻറ സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കാൻ സന്ദർശക ഗാലറിയിലുണ്ടായിരുന്നു കാടേരി അസീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.