പെരുന്നാൾ തിരക്കിൽ..., സംയുക്ത ഈദ്ഗാഹുകൾക്ക് ഒരുക്കമായി
text_fieldsമലപ്പുറം: ഒരു മാസം നീണ്ട നോമ്പു ദിനങ്ങൾക്ക് പരിസമാപ്തിയായി എത്തുന്ന പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി മുസ്ലിം സമൂഹം. വ്രതവിശുദ്ധിയിൽ മുഴുകിക്കഴിഞ്ഞ വിശ്വാസികൾ ഞായറാഴ്ച ശവ്വാൽ അമ്പിളി ദൃശ്യമായാൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഞായറാഴ്ച മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും പെരുന്നാൾ.
പുത്തനുടുപ്പുകളിട്ട് സുഗന്ധം പൂശി രാവിലെ ഈദ് ഗാഹിലേക്കോ (മൈതാനം) പള്ളിയിലേക്കോ പോകുന്നതാണ് പെരുന്നാൾ ദിനത്തിലെ പ്രധാന ചടങ്ങ്. നമസ്കാരത്തിന് മുമ്പായി ഫിത്ർ സകാത് വിതരണവും നടക്കും. പെരുന്നാൾ ദിനം പട്ടിണികിടക്കുന്നവർ ആരുമുണ്ടാവരുതെന്നതാണ് ഈ സകാതിന്‍റെ താൽപര്യം. സ്ത്രീകളും കുട്ടികളും അടക്കം കുടുംബ സമേതമാണ് പലരും നമസ്കാരത്തിനായി പോവുക. കോവിഡ് ഭീതികാരണം കഴിഞ്ഞ രണ്ടു വർഷമായി ഈദ്ഗാഹുകൾ നടന്നിരുന്നില്ല.
പെരുന്നാൾ നമസ്കാരം പോലും പലയിടങ്ങളിലും ഒഴിവാക്കിയിരുന്നു. കോവിഡ് ഭീതി മാറി ആൾക്കൂട്ടം അനുവദനീയമായതിനാൽ ഈദുഗാഹുകളിൽ വിശ്വാസികൾ നിറയും. പരസ്പരം കൈ പിടിച്ചും ആശംസകൾ കൈമാറിയും കെട്ടിപ്പുണർന്നും പെരുന്നാൾ ആഘോഷിക്കാൻ അനുകൂല സാഹചര്യം ഒരുങ്ങിയതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികൾ. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വിവിധ സംഘടനകൾ ചേർന്ന് സംയുക്തമായി ഈദ്ഗാഹുകൾ സംഘടിപ്പിക്കുന്നുണ്ട്.
പ്രധാന നഗരങ്ങളിൽ ഒന്നിലധികം മൈതാനങ്ങളിൽ ഈദ്ഗാഹുകൾ നടക്കുന്നുണ്ട്. എല്ലായിത്തും ഒരുക്കങ്ങൾ പൂർത്തിയായി. പെരുന്നാൾ കോടി വാങ്ങാനായി കുടുംബങ്ങൾ ഒന്നിച്ച് എത്തിയതോടെ വസ്ത്ര വ്യാപാര കടകളിലെല്ലാം സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. ചെരിപ്പ്, ഫാൻസി കടകളിലും റമദാന്‍റെ അവസാന ദിനങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെത്തിയതായി വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ട് സീസണുകൾ നഷ്ടമായതിന്‍റെ ആഘാതം മാറിയിട്ടില്ലെങ്കിലും ഇത്തവണ തരക്കേടില്ലാത്ത കച്ചവടം നടന്നതിന്‍റെ ആശ്വാസത്തിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.