സി.പി.എം മലപ്പുറം ജില്ല കമ്മിറ്റിയിൽ എട്ട് പുതുമുഖങ്ങൾ, ആറുപേരെ ഒഴിവാക്കി
text_fieldsതിരൂർ: 38 അംഗ സി.പി.എം ജില്ല കമ്മിറ്റിയിൽ എട്ടുപേർ പുതുമുഖങ്ങളാണ്. നേരത്തേയുണ്ടായിരുന്ന ആറുപേരെ ഒഴിവാക്കി. പി.പി. വാസുദേവൻ, ടി.കെ. ഹംസ, ടി.പി. ജോർജ് എന്നിവർ പ്രായാധിക്യത്തെ തുടർന്നും ഐ.ടി. നജീബ്, സി.എച്ച്. ആഷിക്ക്, അസൈൻ കാരാട്ട് എന്നിവർ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിെൻറ ഭാഗമായുമാണ് പുറത്തുപോയത്. പി.കെ. മുബഷിർ, കെ. ശ്യാം പ്രസാദ്, ഇ. സിന്ധു, ഇ.കെ. ആയിഷ, ടി. സത്യൻ, ടി. രവീന്ദ്രൻ, എം.പി. അലവി, കെ. മജ്നു എന്നിവരാണ് പുതുതായി ഉൾപ്പെട്ടവർ. 26 പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തിൽ ജില്ലയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുക. നാല് പേരെ പകരക്കാരായും ഉൾപ്പെടുത്തി.
ജില്ല കമ്മിറ്റി അംഗങ്ങൾ
ഇ.എൻ. മോഹൻദാസ്, വേലായുധൻ വള്ളിക്കുന്ന്, വി.എം. ഷൗക്കത്ത്, വി.പി. സക്കറിയ, ഇ. ജയൻ, വി.പി. അനിൽ കുമാർ, ജോർജ് കെ. ആൻറണി, എം.എം. നാരായണൻ, കൂട്ടായി ബഷീർ, പി. ജ്യോതിഭാസ്, കെ. രാമദാസ്, പി. രാധാകൃഷ്ണൻ, വി. രമേശൻ, കെ.പി. സുമതി, കെ.പി. അനിൽ, എ. ശിവദാസൻ, പി. ഹംസക്കുട്ടി, പി.കെ. അബ്ദുല്ല നവാസ്, ഇ. പത്മാക്ഷൻ, എൻ. കണ്ണൻ, കെ. ഭാസ്കരൻ, എൻ. പ്രമോദ് ദാസ്, കെ.പി. ശങ്കരൻ, പി.കെ. ഖലീമുദ്ദീൻ, ബി. മുഹമ്മദ് റസാഖ്, വി.പി. സോമസുന്ദരൻ, വി.ടി. സോഫിയ, വി.പി. സാനു, പി.കെ. മുബഷീർ, കെ. ശ്യാം പ്രസാദ്, ഇ. സിന്ധു, ഇ.കെ. ആയിഷ, ടി. സത്യൻ, ടി. രവീന്ദ്രൻ, എം.പി. അലവി, കെ. മജ്നു, സി. ദിവാകരൻ, വി. ശശികുമാർ.
സി. ദിവാകരനും വി. ശശികുമാറും തിരിച്ചെത്തി; ടി.എം. സിദ്ദീഖ് പുറത്തുതന്നെ
തിരൂർ: അച്ചടക്ക നടപടിയെത്തുടർന്ന് സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്തിയ സി. ദിവാകരനും വി. ശശികുമാറും 38 അംഗ ജില്ല കമ്മിറ്റിയിൽ തിരിച്ചെത്തി. എന്നാൽ, പൊന്നാനി നിയമസഭ തെരഞ്ഞെടുപ്പുമായുണ്ടായ പൊട്ടിത്തെറിയുടെ പേരിൽ ജില്ല കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്തപ്പെട്ട ടി.എം. സിദ്ദീഖിനെ പരിഗണിച്ചില്ല. സ്വയം തെറ്റുതിരുത്തിയതിെൻറ ഭാഗമായാണ് സി. ദിവാകരനെയും വി. ശശികുമാറിനെയും വീണ്ടും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പറഞ്ഞു. എന്നാൽ, ടി.എം. സിദ്ദീഖിെൻറ കാര്യത്തിൽ ഗുരുതര നിലപാട് വ്യതിയാനമുള്ളതിനാലാണ് ഇപ്പോൾ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മൂന്ന് പേർക്കെതിരെയും വ്യത്യസ്ത വിഷയത്തിലാണ് അച്ചടക്ക നടപടിയെടുത്തത്. ഭാവിയിൽ ടി.എം. സിദ്ദീഖിെൻറ നിലപാട് നോക്കിയാകും തിരിച്ചെടുക്കൽ നടപടിയെന്നും ജില്ല സെക്രട്ടറി വ്യക്തമാക്കി.
അമരക്കാരന് രണ്ടാമൂഴം: ജനകീയത വർധിപ്പിച്ചതിനുള്ള അംഗീകാരം
തിരൂർ: വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ രംഗത്തെത്തി ജില്ലയിൽ സി.പി.എമ്മിെൻറ അമരക്കാരനായ നേതാവാണ് വീണ്ടും ജില്ല സെക്രട്ടറിയായ ഇ.എൻ. മോഹൻദാസ്. 2007ൽ മണ്ണഴി എ.യു.പി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച ഇദ്ദേഹം 11 വർഷം മലപ്പുറം ഏരിയ സെക്രട്ടറിയായിരുന്നു. കോട്ടക്കൽ സ്വദേശിയാണ്. 2018ൽ പെരിന്തൽമണ്ണ ജില്ല സമ്മേളനത്തിലാണ് ജില്ല സെക്രട്ടറിയായത്. 1970ലാണ് സി.പി.എം അംഗമായത്. എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐ പ്രഥമ ജില്ല പ്രസിഡൻറായിരുന്നു.
ദേശാഭിമാനി മലപ്പുറം യൂനിറ്റ് മാനേജർ, റെയ്ഡ്കോ വൈസ് ചെയർമാൻ, കോഡൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, ജില്ല സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്.
ഇന്ത്യനൂരിലെ എടയാട്ട് നെടുമ്പുറത്തെ പരേതരായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്.
ഭാര്യ. റിട്ട. അധ്യാപിക കെ. ഗീത. മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ. ചില പോരായ്മകൾക്കിടയിലും കഴിഞ്ഞ നാല് വർഷം ജില്ലയിൽ സി.പി.എമ്മിെൻറ ജനകീയത വർധിപ്പിക്കാനും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ വോട്ടിങ് ശതമാനം വർധിപ്പിക്കാനായതും നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകൾ നിലനിർത്താനായതും ഇ.എൻ. മോഹൻദാസിെൻറ നേതൃത്വത്തിൽ പാർട്ടിക്ക് സാധിച്ചെന്ന് പ്രതിനിധി സമ്മേളനം വിലയിരുത്തി.
സിദ്ദീഖിെൻറ മടങ്ങിവരവ് സംസ്ഥാന നേതൃത്വത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രാദേശിക ഘടകങ്ങൾ
പൊന്നാനി: സി.പി.എം ജില്ല കമ്മിറ്റിയിലേക്കുള്ള മടങ്ങിവരവിൽ ടി.എം. സിദ്ദീഖ് പക്ഷം കാത്തിരിക്കുന്നത് സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം. വിഷയത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നു. നടപടിയെത്തുടർന്ന് താൻ പാർട്ടിക്കൊപ്പമാണെന്ന് ടി.എം. സിദ്ദീഖ് മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെ ഏരിയ സെക്രട്ടറി പി.കെ. ഖലീമുദ്ദീൻ നടത്തിയ പ്രസ്താവന സിദ്ദീഖ് അനുകൂലികളിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങൾ രാജി സമർപ്പിച്ചത്. തുടർന്ന് മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി സിദ്ദീഖുമായി ചർച്ച നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയെൻറ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുകയും ചെയ്തിരുന്നു. ജില്ല സമ്മേളനം കഴിഞ്ഞ് ചേരുന്ന കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പങ്കെടുത്ത് നടപടി പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പൊന്നാനിയിലെ വിഭാഗീയതയെക്കുറിച്ച് കൃത്യമായ പരാമർശം നടന്നെങ്കിലും വിഷയം ചർച്ചയാക്കാതെ പ്രതിനിധികൾ തന്ത്രപരമായ മൗനം പാലിച്ചു. പൊന്നാനിയിലെ വിഭാഗീയതയിൽ ഏരിയ കമ്മിറ്റിയെ ചെറിയ രീതിയിൽ കുറ്റപ്പെടുത്തിയും വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് നടപടിയെടുത്ത ടി.എം. സിദ്ദീഖിനെ തലോടുന്ന രീതിയിലുമായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ. ഏരിയ സമ്മേളന ശേഷം വിഭാഗീയ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടതും രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ നേതാവിനെ പിന്തുണച്ച് രാജിവെച്ചതും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതായി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പൊന്നാനിയിൽനിന്നുള്ള പ്രതിനിധികൾ അച്ചടക്ക നടപടിയെ പിന്തുണച്ചാണ് സംസാരിച്ചത്. സിദ്ദീഖിന് പകരം പൊന്നാനിയിൽനിന്നുള്ള ഇ. സിന്ധുവിനെ ജില്ല കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. എം.എം. നാരായണൻ, പി.കെ. ഖലീമുദ്ദീൻ എന്നിവരാണ് മറ്റുള്ളവർ. കഴിഞ്ഞ തവണയും ഇവർ ജില്ല കമ്മിറ്റിയിൽ ഉണ്ടായിരുന്നു.
ജില്ല സമ്മേളനത്തിന് തിരൂരിൽ ഉജ്ജ്വല സമാപനം
തിരൂർ: സി.പി.എം 23ാം പാർട്ടി കോൺഗ്രസിെൻറ മുന്നോടിയായുള്ള ജില്ല സമ്മേളനത്തിന് തിരൂരിൽ ഉജ്ജ്വല സമാപനം.മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന് സമാപനം കുറിച്ച് തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നാടുകാണി- പരപ്പനങ്ങാടി പാതയുടെ പ്രവൃത്തി പൂർത്തീകരിക്കുക, വികസന വിരുദ്ധരെ ഒറ്റപ്പെടുത്തുക, കരിപ്പൂർ വിമാനത്താവളം തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മലബാറിനോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കുക, മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളജ് വികസനം ത്വരിതപ്പെടുത്തുക, ചമ്രവട്ടം െറഗുലേറ്റർ ബ്രിഡ്ജ് പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, ഓരാടംപാലം -മാനത്ത്മംഗലം ബൈപാസ് നിർമാണം ഉടൻ ആരംഭിക്കുക, വന്യമൃഗ ഭീഷണിയിൽ നിന്ന് മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുക, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധമുയർത്തുക, ജില്ലയിലെ ടൂറിസം വികസനം ത്വരിതപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത ശക്തിപ്പെടുത്തുക, ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കുക, സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, തുഞ്ചൻപറമ്പിനെ ഭാഷാഗവേഷണ കേന്ദ്രമായി ഉയർത്തുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു.
സമാപന പൊതുയോഗത്തിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൊട്ടിത്തെറികളോ വിവാദങ്ങളോ ഇല്ലാതെയാണ് മൂന്നു ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിന് സമാപനമായത്. പൊതുസമ്മേളനത്തിൽ ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, മന്ത്രി വി. അബ്ദുറഹ്മാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, എളമരം കരീം, സംസ്ഥാന കമ്മിറ്റി അംഗം പി. നന്ദകുമാർ എം.എൽ.എ, ജില്ല കമ്മിറ്റി അംഗങ്ങളായ വി.പി സക്കറിയ, വി.പി അനിൽ, വേലായുധൻ വള്ളിക്കുന്ന്, കൂട്ടായി ബഷീർ, എ. ശിവദാസൻ, വി.എം. ഷൗക്കത്ത്, വി.പി. സാനു, വി.പി. സോമസുന്ദരൻ, വി.ടി. സോഫിയ, കെ. ഭാസ്കരൻ, സി.പി. റംല എന്നിവർ സംസാരിച്ചു. ഇ. ജയൻ സ്വാഗതവും അഡ്വ. പി. ഹംസക്കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.