രണ്ട് ദിവസത്തിനിടെ 10 പന്നികൾ കിണറ്റിൽ വീണു; മൊറയൂരില്‍ കാട്ടുപന്നിശല്യം രൂക്ഷം
text_fieldsമൊറയൂര്‍ (മലപ്പുറം): ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നികള്‍ വീട്ടുവളപ്പിലെ കിണറുകളില്‍ വീഴുന്നത് മൊറയൂരില്‍ പതിവാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തു പന്നികളാണ് രണ്ട് കിണറുകളിലായി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വലിയ മൂന്ന് പന്നികളെ വെടിവെച്ചും കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെയും പുറത്തെടുത്തു.
മൊറയൂര്‍ സ്കൂള്‍ പടിയില്‍ സുബേദാര്‍ റോഡിലെ പുളിയക്കോടന്‍ അലവിയുടെ കിണറില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പന്നികളും പുളിയക്കോടന്‍ ഹംസഹാജിയുടെ വീട്ടു പരിസരത്തെ കിണറില്‍ ഒരു പന്നിയുമാണ് ചാടിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊടുമ്പുഴ വനംവകുപ്പ് സ്റ്റേഷനില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പന്നികളെ പുറത്തെടുത്തത്. അലവിയുടെ കിണറില്‍നിന്ന് പുറത്തെടുത്ത ആറ് പന്നിക്കുട്ടികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ വിട്ടു. മറ്റൊരു പന്നിക്കുട്ടി ചത്ത നിലയിലായിരുന്നു.
മേഖലയില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കാര്‍ഷിക നാശത്തിനൊപ്പം ജനജീവിതത്തിനും പന്നിക്കൂട്ടം വെല്ലുവിളിയാകുന്നുണ്ട്. രാത്രിയിറങ്ങുന്ന പന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാണ്. പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതരും കര്‍ഷകരും ചേര്‍ന്ന് ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും പരിഹാര നടപടികള്‍ വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.