പോക്സോ കേസുകളിൽ വർധന; വില്ലൻ മൊബൈൽ ഫോണും ഇൻസ്റ്റഗ്രാമും
text_fieldsമലപ്പുറം: ജില്ലയിൽ പോക്സോ കേസുകൾ വർധിക്കുന്നതായി കണക്ക്. കോവിഡിന് ശേഷം കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണമായി കണ്ടെത്തുന്നത്.വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് എന്നിവയിലൂടെ ബന്ധപ്പെട്ട് പീഡിപ്പിക്കുന്ന സംഭവങ്ങളാണ് അധികവും പുറത്തുവരുന്നതെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നു. പുതുതലമുറയിൽ അധികപേരും ഇൻസ്റ്റഗ്രാമിലാണ് സമയം ചെലവിടുന്നത്.
10 വയസ്സുമുതൽതന്നെ മിക്ക കുട്ടികൾക്കും ഇൻസ്റ്റയിൽ അടക്കം അക്കൗണ്ട് ഉണ്ട്. 18 വയസ്സിനിപ്പുറമുള്ള സമൂഹമാധ്യമ ഉപയോഗത്തെ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും മുതിർന്നവരുടെ ജിമെയിൽ ഉപയോഗിച്ചാണ് പ്രായപൂർത്തിയാകാത്തവർ അക്കൗണ്ട് ഉണ്ടാക്കുന്നത്. എന്നാൽ, ആ അക്കൗണ്ടിനെ കുറിച്ച് രക്ഷിതാക്കളിൽ പലർക്കും അറിവുണ്ടാകില്ല.
നേരേത്ത, ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും നേരിട്ട അതിക്രമങ്ങളാണ് അധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, നിലവിൽ ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട് നിരന്തരമായ ചാറ്റിങ്ങിലൂടെ അപരിചിതരുടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും സ്വകാര്യ ഫോട്ടോയും നഗ്നചിത്രങ്ങളും മറ്റും അയച്ചുകൊടുത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്യുന്ന കേസുകളാണ് കൂടുതലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികളിൽനിന്ന് പണവും സ്വർണവും അപഹരിക്കുന്നതായും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഔദ്യോഗിക കണക്കുപ്രകാരം ജില്ലയിൽ ഈ വർഷം ഇതുവരെ 115 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്ത്. അതിൽ 85 പെൺകുട്ടികളും 26 ആൺകുട്ടികളും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്.
കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പ്രേമം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞദിവസം നിലമ്പൂരിൽ രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കക്കാടംപൊയിലിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന കേസിൽ അരീക്കോട് കരിപറമ്പ് സ്വദേശി യൂനുസും മമ്പാട്ടുവെച്ച് പീഡിപ്പിച്ചെന്ന കേസിൽ കരിക്കാട്ടുമണ്ണ കളത്തിൽ റംഷീദിനെയുമാണ് അറസ്റ്റ് ചെയ്തത്. ചൈൽഡ്ലൈനിന്റെ ഇടപെടലിലൂടെയാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
പ്രണയക്കുരുക്ക്
വർണങ്ങളും ചിത്രങ്ങളും ലഘുവിഡിയോകളും ഉൾക്കൊള്ളുന്ന വിശാലമായൊരു ലോകമാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഈസി ചാറ്റിങ്, വാനിഷിങ് മെസേജസ്, എച്ച്.ഡി ക്ലിയർ ഫോട്ടോസ് ആൻഡ് വിഡിയോസ് എന്നിവ ഇൻസ്റ്റഗ്രാമിലേക്ക് കുട്ടികളെ ആകർഷിക്കുന്നു. ഇതിൽ വാനിഷിങ് മെസേജസ് എന്നത് ഏറെ അപകടമുണ്ടാക്കുന്നതാണ്. ചാറ്റ് ചെയ്ത മെസേജുകളെല്ലാം ദ്രുതഗതിയിൽ മാഞ്ഞുപോകുന്നതിനാൽതന്നെ അജ്ഞാതരുമായുള്ള കുട്ടികളുടെ ചാറ്റ് ഹിസ്റ്ററി രക്ഷിതാക്കൾക്ക് ലഭിക്കാതെ പോകുന്നു.
ഇൻസ്റ്റയിൽ 15 ദിവസത്തെ ചാറ്റിനൊടുവിൽ പ്രണയക്കുരുക്കിൽ വീഴുകയും പിന്നീട് ലഹരിക്കും ലൈംഗിക പീഡനങ്ങൾക്കും ഇരയാകുകയും ചെയ്യുന്ന കേസുകളാണ് ജില്ലയിൽ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. അസമയങ്ങളിൽ കുട്ടികൾ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നത് തടയണമെന്നും കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് രക്ഷിതാക്കൾ നിയന്ത്രണമേർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നു.
ജില്ലയിലെ കേസുകൾ
(വർഷം, മാസം എണ്ണം ക്രമത്തിൽ)
2021 ജനുവരി -31,
2022 ജനുവരി -33,
2023 ജനുവരി -44
2021 ഫെബ്രുവരി -59
2022 ഫെബ്രുവരി -34
2023 ഫെബ്രുവരി -51
2021 മാർച്ച് 43,
2022 മാർച്ച് 77,
2023 മാർച്ച് 20
2021 ഏപ്രിൽ -18,
2022 ഏപ്രിൽ -30
2021 മേയ് -13
2022 മേയ് -43
2021 ജൂൺ -38,
2022 ജൂൺ -38
2021 ജൂലൈ -25
2022 ജൂലൈ -60
2021 ആഗസ്റ്റ് -30
2022 ആഗസ്റ്റ് -49
2021 സെപ്റ്റംബർ -36
2022 സെപ്റ്റംബർ- 48
2021 ഒക്ടോബർ -37
2022 ഒക്ടോബർ -37
2021 നവംബർ -27
2022 നവംബർ -54
2021 ഡിസംബർ -53
2022 ഡിസംബർ -57
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.