പച്ചക്കറി വില വർധന; താളം കിട്ടാതെ കുടുംബ ബജറ്റ്
text_fieldsമലപ്പുറം: വിപണിയിൽ പച്ചക്കറി വില കുറയാതെ നിൽക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. ഇഞ്ചി, തക്കാളി, ചെറിയ ഉള്ളി, വെള്ളുത്തുള്ളി, പച്ചമുളക് എന്നിവക്കാണ് വില വൻതോതിൽ ഉയർന്ന് നിൽക്കുന്നത്. കൂടാതെ പയർ, ബീറ്റ് റൂട്ട്, കാരറ്റ് എന്നിവക്കും താരതമ്യേന വിലയുണ്ട്. പച്ചക്കറി ഉത്പാദന സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് വിപണിയിൽ വില കൂടാൻ കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു. ജൂൺ മാസം ആരംഭത്തോടെയാണ് വിപണിയിൽ വില വർധന പ്രകടമായി തുടങ്ങിയത്. മറ്റ് വില വർധനക്കിടയിൽ പച്ചക്കറി വിലകൂടി കുതിച്ചതോടെ സാധാരണക്കാരന്റെ ജീവിതം താളം തെറ്റി. ഓണക്കാലം എത്തുന്നതോടെ വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് ജനം.
കൂടിയും കുറഞ്ഞും തക്കാളി
തക്കാളിയിലാണ് വില വർധന ഏറ്റവും വേഗത്തിൽ പ്രതിഫലിച്ചത്. ഏപ്രിൽ-മേയ് മാസങ്ങളിൽ കിലോക്ക് 20-30 രൂപയുണ്ടായിരുന്ന തക്കാളിയാണ് ജൂൺ വന്നതോടെ ഇരട്ടിയിലധികം വില ഉയർന്നത്. നാട്ടിൻ പുറങ്ങളിൽ കിലോക്ക് 110 രൂപ വരെയാണ് തക്കാളിക്ക് നൽകേണ്ടി വന്നത്. തുടർന്ന് ഭരണകൂടങ്ങളുടെ ഇടപെടലുകൾ വന്നതോടെ 70 രൂപ വരെയായി താഴ്ന്നു. ഇപ്പോൾ വീണ്ടും വില കുതിക്കുകയാണ്. നിലവിൽ പ്രാദേശിക വിപണിയിൽ കിലോക്ക് 90 മുതൽ 110 വരെയായി വില വർധിച്ചിട്ടുണ്ട്.
ഇതോടെ വീടുകളിലെ കറിക്കൂട്ടുകളിൽ തക്കാളിയുടെ എണ്ണം കുറച്ചു. തക്കാളി ചോറ് അടക്കമുള്ള സ്പെഷൽ വിഭവങ്ങളെല്ലാം വീടുകളിൽ പടിക്ക് പുറത്തായി. ഇനി തക്കാളി സ്പെഷലെല്ലാം വില കുറഞ്ഞിട്ട് നോക്കാമെന്നാണ് വീട്ടമ്മമാരുടെ പക്ഷം. വിൽപന കുറഞ്ഞതോടെ വ്യാപാരികളും വിൽപനക്കായി കൊണ്ട് വരുന്ന തക്കാളിയുടെ എണ്ണം കുറച്ചിട്ടുണ്ട്. വില കേട്ട് ആളുകൾ വാങ്ങാതെ പോകുന്നതും കുറച്ചുമാത്രം വാങ്ങുന്നതും തക്കാളി കേട് വരാനും നഷ്ടത്തിനും കാരണമാകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇത് കൊണ്ട് തന്നെ സ്റ്റോക്ക് നേർപകുതിയായി കുറച്ചിട്ടുണ്ട്.
ഇഞ്ചി വില ഉയർന്ന് തന്നെ
വിപണിയിൽ കൂടിയതിന് ശേഷം കുറയാതിരിക്കുന്നത് ഇഞ്ചി വിലയാണ്. കിലോക്ക് 60-80 വരെയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 300 ലെത്തിയിരിക്കുകയാണ്. മേയ് മാസം പകുതിയോടെയാണ് വില ഉയർന്ന് തുടങ്ങിയത്. കൂടിയതിന് ശേഷം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വില മാറ്റമില്ലാതെ തുടരുകയാണ്. മഴ കനക്കുന്നതോടെ ഇഞ്ചിയുടെ ഗുണനിലവാരം കുറയുന്നതും ഭീഷണിയാണ്.
മത്സരിച്ച് ചെറിയ ഉള്ളിയും വെളുത്തുള്ളിയും
വില കൂടിയ മറ്റ് രണ്ട് വിഭാഗങ്ങളാണ് ചെറിയ ഉള്ളിയും വെളുത്തുള്ളിയും. നേരത്തെ 60-80 രൂപയുണ്ടായിരുന്ന ഇരു വിഭാഗവും ഇരട്ടിയിലധികം ഉയർന്ന് സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിന് മുകളിലെത്തി. ചെറിയ ഉള്ളിക്ക് കിലോക്ക് 180 മുതൽ 200 രൂപ വരെയാണ് വില. ഇത് സാധാരണക്കാർ വാങ്ങാതെ വന്നതോടെ രണ്ടാം തരം ക്വാളിറ്റി എന്ന പേരിൽ കിലോക്ക് 100 മുതൽ 130 രൂപ വരെ വിലക്കുള്ളതും വിപണിയിൽ ഇറക്കിയിട്ടുണ്ട്. വില കുറവുള്ള രണ്ടാംതരം ഇനത്തിന് ഇതോടെ ഡിമാന്റും വർധിച്ചു. വെളുത്തുള്ളിക്ക് 140 മുതൽ 160 രൂപ വരെയാണ് വില.
പച്ചമുളകിന്റെ വില കേട്ടാൽ എരിയും..
പച്ചക്കറിയിൽ പച്ചമുളക്കിനും വിലയുടെ കാര്യത്തിൽ മുന്നിൽ തന്നെയാണ്. കിലോക്ക് 30 മുതൽ 40 വരെയുള്ള ഉണ്ടായിരുന്നത് ഇപ്പോൾ 90 മുതൽ 120 വരെയായി ഉയർന്നു. ജൂണിൽ തന്നെയാണ് പച്ചമുളകിനും വില മേലോട്ട് കുതിച്ച് തുടങ്ങിയത്. ആന്ധ്രയിലും കർണാടകയിലും കനത്ത മഴയിൽ ഏക്കർ കണക്കിന് പച്ചമുളക് കൃഷി നശിച്ചതും കേരളത്തിൽ ഉൽപാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.