കപ്പെടുക്കടാ മക്കളെ
text_fieldsവാമോസ് ഇന്ത്യ-ആസിഫ് സഹീർ (മുൻ ഇന്ത്യൻ ഫുട്ബാൾ താരം)
ആധികാരിക ജയത്തോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലുമുള്ള മികവ് ഫൈനലിലും കാണിക്കുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് ഷമിയുടെ ബൗളിങ് പ്രകടനം എടുത്തു പറയേണ്ടതാണ്. സമ്മർദങ്ങളെ അതിജീവിച്ച കളിയാണ് ന്യൂസിലാൻഡിനെതിരെ ഇന്ത്യയുടേത്. കപ്പുയർത്താൻ ഇന്ത്യക്ക് സാധിക്കട്ടെ, വാമോസ് ഇന്ത്യ.
മുത്തമിടും മൂന്നാം ലോകകിരീടത്തിൽ-ഡോ. നാഫിഹ് ചെരപ്പുറത്ത്(കായിക വിഭാഗം മേധാവി, അമൽ കോളജ് നിലമ്പൂർ)
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഒരിക്കൽ കൂടി ജേതാക്കളാകുമെന്ന് തന്നെയാണ് ആഗ്രഹം. മികച്ച ഫോമിലുള്ള ബാറ്റിങ്, ബൗളിങ് നിരയും ആതിഥേയരുടെ ആനുകൂല്യങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. ബാറ്റിങ്ങിൽ വിരാട് കോഹ് ലിയും ബൗളിങ്ങിൽ മുഹമ്മദ് ഷമിയുമാണ് പ്രതീക്ഷ.
കപ്പുയർത്താൻ സാധിക്കട്ടെ-സി. സുരേഷ് (ജില്ല സ്പോർട്സ് കൗൺസിൽ അംഗം)
ഫൈനലിൽ മൂന്നാമത്തെ കപ്പുയർത്താൻ ഇന്ത്യക്ക് സാധിക്കട്ടെ. നിലവിലെ പ്രകടനം പരിശോധിക്കുമ്പോൾ കപ്പുയർത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് എന്നിവയിലെല്ലാം ടീം മികച്ച നിലവാരത്തിലാണ്. സ്വന്തം കാണികൾക്ക് മുന്നിൽ കപ്പുയർത്തിയാൽ അഭിമാന നേട്ടമാകും.
ടോസ് നിർണായകം-മൊയ്തീൻ അലി (മുൻ കേരള രഞ്ജി ട്രോഫി ഫിറ്റ്നസ് ട്രെയിനർ, കായികാധ്യാപകൻ)
മത്സരത്തിൽ ടോസ് ഏറെ നിർണായകമാണ്. ആതിഥേയർ എന്നത് ആത്മവിശ്വാസം നൽകുന്നതാണെങ്കിലും സമ്മർദം അതിജീവിക്കാൻ ഇന്ത്യക്ക് സാധിക്കണം. മുൻനിര ബാറ്റ്സ്മാൻമാർ മികച്ച ഫോം തുടർന്നാൽ ഇന്ത്യക്ക് വിജയസാധ്യത ഏറെയാണ്.
ഡ്രീം ഫൈനലിൽ ഇന്ത്യ-ഡോ. വി.പി. സക്കീർ ഹുസൈൻ (ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി)
ഡ്രീം ഫൈനലാണ്. ആസ്ട്രേലിയൻ ടീമിനെ അത്ര വിലകുറച്ച് കാണാനാവില്ലെങ്കിലും ഫോമിൽ അവരെക്കാൾ ഒരുപടി മുന്നിലാണ് ഇന്ത്യ. അഞ്ച് ഫൈനലുകളിലെ വിജയം അവർക്ക് ശുഭാപ്തി വിശ്വാസം നൽകും. എന്നിരുന്നാലും മികച്ച ഫോമിൽ തുടരുന്ന ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം.
പ്രവാസികളും പ്രതീക്ഷയുടെ പിച്ചിൽ- കെ.സി. മുനീബ് റഹ്മാൻ (അധ്യാപകൻ - സൺറൈസ് ഇംഗ്ലീഷ് സ്കൂൾ, യു.എ.ഇ)
ഈ ലോകകപ്പ് ഇന്ത്യ നേടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും. സ്വന്തം തട്ടകത്തിൽ കളിക്കുന്നതും ഇതുവരെയുള്ള മിന്നും പ്രകടനവുമാണ് സാധ്യത വർധിപ്പിക്കുന്നത്. പ്രാഥമിക റൗണ്ടിൽ ആസ്ട്രേലിയയെ തോൽപ്പിച്ചതും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഫൈനലിൽ ആറാമതൊരു ബൗളറെ കൂടി ഇന്ത്യ ഉപയോഗിക്കണം. ഇതിനായി സൂര്യകുമാർ യാദവിന് പകരം അശ്വിനെ ടീമിലുൾപ്പെടുത്തണമെന്നും അഭിപ്രായമുണ്ട്.
ആസ്ട്രേലിയ നിസ്സാരക്കാരല്ല-സി.കെ. വിജീഷ് പുളിക്കൽ (അങ്ങാടിപ്പുറം റോയൽ പ്രസന്റേഷൻ ക്രിക്കറ്റ് ടീം താരം)
നിലവിലെ പ്രകടനം വിലയിരുത്തുമ്പോൾ ഇന്ത്യക്ക് കിരീട സാധ്യത വലുതാണെങ്കിലും ഐ.സി.സി ചാമ്പ്യൻഷിപ്പുകളിലെ മുൻകാല പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ ആസ്ട്രേലിയ അപകടകാരികളാണ്. അഞ്ച് ലോകകപ്പുകൾ നേടിയ അവർ നിസ്സാരക്കാരല്ല.
ഏത് സാഹചര്യത്തിലും കളിയുടെ ഗതിമാറ്റാൻ കഴിയുന്ന താരങ്ങൾ അവർക്കൊപ്പം ഉണ്ട്. 2003ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച ആസ്ട്രേലിയക്കെതിരെ ഒരു മധുര പ്രതികാരം ഇന്ത്യക്ക് ബാക്കിയുണ്ട്. അത് അഹമദാബാദിൽ വീട്ടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.