ജില്ലയിലെ നാല് നഗരസഭകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; വ്യാപക ക്രമക്കേടുകൾ
text_fieldsമലപ്പുറം: ജില്ലയിലെ നാല് നഗരസഭകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. മഞ്ചേരി, പെരിന്തൽമണ്ണ, കോട്ടക്കൽ, തിരൂരങ്ങാടി നഗരസഭകളിലാണ് വിജലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്.
രാവിലെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. കോട്ടക്കൽ നഗരസഭയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി പാടങ്ങളിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകിയതായി കണ്ടെത്തി.പാർക്കിങ്ങിന് അനുവദിച്ച സ്ഥലത്ത് കെട്ടിടം നിർമിച്ചതായും കണ്ടെത്തി. റോഡിൽനിന്ന് അകലം പാലിക്കാതെയുള്ള നിർമാണ പ്രവൃത്തികളും കണ്ടെത്തിയിട്ടുണ്ട്.
നഗരസഭ സെക്രട്ടറിയുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് സൂപ്രണ്ട് സോഫ്റ്റ്വെയർ വഴി പ്ലാനും മറ്റും പാസാക്കിയതായ ഗുരുതര വീഴ്ചയും കണ്ടെത്തി. മഞ്ചേരിയിൽ മൂന്ന് കെട്ടിടങ്ങൾക്ക് പണി പൂർത്തീകരിക്കുന്നതിനു മുമ്പേ പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് നൽകി. ഈ കെട്ടിടങ്ങൾ അനുമതി നൽകിയ അളവിലും കൂടുതലാണ് നിർമിച്ചതെന്നും കണ്ടെത്തി.
പെരിന്തൽമണ്ണയിൽ കെട്ടിട നമ്പർ കൊടുത്തതിനു ശേഷം അനുമതിയില്ലാതെ വീണ്ടും കെട്ടിടം നിർമിച്ചതായും കണ്ടെത്തി. തിരൂരങ്ങാടിയിൽ കെട്ടിട നിർമാണ അപേക്ഷകളുടെ രജിസ്റ്റർ കൃത്യമായി പരിപാലനം ചെയ്യുന്നില്ലെന്നായിരുന്നു കണ്ടെത്തൽ. കൂടാതെ രണ്ട് ഫയലുകൾ ചോദിച്ചത് ഓഫിസിൽ ലഭ്യമല്ലെന്നായിരുന്നു മറുപടി.
നാല് കെട്ടിടങ്ങൾ പരിശോധിച്ചതിലും ക്രമക്കേട് കണ്ടെത്തി. കണ്ടെത്തിയ ക്രമക്കേടുകൾ വിജിലൻസ് ഡയറക്ടർക്ക് റിപ്പോട്ടാക്കി സമർപ്പിക്കുമെന്ന് മലപ്പുറം വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.