കോവിഡ് പ്രതിരോധം: മലപ്പുറത്തെ സ്ഥാപനങ്ങളും സംഘടനകളും 1.13 കോടിയുടെ ഉപകരണം നല്കി
text_fieldsകലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ല ഭരണകൂടത്തിന് കൈത്താങ്ങായി വിവിധ സ്ഥാപനങ്ങളും സംഘടനകളും. 1.13 കോടി രൂപയുടെ ഉപകരണങ്ങളാണ് കൈമാറിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഐ.എസ്.ആര്.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോർപറേഷന്, അജ്ഫാന്‍ ഗ്രൂപ്പ്, കെ.എം.സി.സി എന്നിവരാണ് ഇവ കൈമാറിയത്. കോവിഡ് രോഗികള്‍ക്കുള്ള വെൻറിലേറ്ററുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, ഐ.സി.യു ബെഡുകള്‍ ഉൾപ്പെടെ 1.13 കോടിയുടെ ഉപകരണങ്ങള്‍ കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഏറ്റുവാങ്ങി.
ഐ.എസ്.ആര്.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോർപറേഷന് 75 ലക്ഷം രൂപ ചെലവില്‍ 10 വെൻറിലേറ്ററുകളാണ് കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കലക്ടര്‍ പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ജില്ല ഭരണകൂടം നടത്തിയ ഇടപെടലുകള്‍ക്കുള്ള നന്ദി സൂചകമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ സി.എസ്.ആര് ഫണ്ടില്‍ നിന്നുള്ള വിഹിതം ജില്ല ഭരണകൂടത്തിനായി മാറ്റിവെച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് 24.75 ലക്ഷം രൂപയുടെ 2,300 പള്‍സ് ഓക്സി മീറ്ററുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ നല്‍കിയത്.
വ്യാപാര സ്ഥാപനമായ അജ്ഫാന്‍ ഗ്രൂപ്പ് ഉടമ നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി 11 ലക്ഷം രൂപയുടെ 30 ഐ.സി.യു ബെഡുകളും നൽകി. കെ.എം.സി.സി അബൂദബി ഘടകം പ്രസിഡൻറ് ഷുക്കൂറലി കല്ലിങ്ങല്‍ രണ്ട് ലക്ഷം രൂപയുടെ ആറ് ഐ.സി.യു ബെഡുകൾ കൈമാറി. ഉപകരണങ്ങള്‍ ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ആശുപത്രികള്‍ക്ക് വിതരണം ചെയ്തു.
തിരൂര്‍, പെരിന്തല്‍മണ്ണ ജില്ല ആശുപത്രികള്‍, തിരൂരങ്ങാടി, പൊന്നാനി, മലപ്പുറം, കുറ്റിപ്പുറം, വേങ്ങര താലൂക്ക് ആശുപത്രികള്‍ക്ക് ഐ.സി.യു ബെഡുകള്‍ നല്കി. പെരിന്തല്‍മണ്ണ ജില്ല ആശുപത്രി, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് ആശുപത്രികളിലേക്ക് വെൻറിലേറ്ററുകളും കൈമാറി.
Sകലക്ടറേറ്റില്‍ ലഭിച്ച മറ്റ് ഉകരണങ്ങള്‍ ജില്ല മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ ആവശ്യക്കാർക്കെത്തിക്കും. സബ്കലക്ടര്‍ കെ.എസ്. അഞ്ജു, അസി. കലക്ടര്‍ വിഷ്ണുരാജ്, എ.ഡി.എം എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ പി.എം. പുരുഷോത്തമന്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.