131 കോടിയുടെ വാഗ്ദാനവുമായി നിക്ഷേപക സംഗമം
text_fieldsമലപ്പുറം: ജില്ലയിലെ വ്യവസായ മേഖലക്ക് പുത്തനുണര്‍വേകാന്‍ 131.88 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ജില്ല വ്യവസായ കേന്ദ്രം സംഘടിപ്പിച്ച നിക്ഷേപക സംഗമം. നിക്ഷേപ തൽപരരായ സംരംഭകരെ ഉള്‍പ്പെടുത്തി 131.88 കോടി രൂപയുടെ വ്യവസായ നിക്ഷേപത്തോടൊപ്പം 1328 പേര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങളുമാണ് പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്. ജില്ലതല നിക്ഷേപക സംഗമം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങളില്‍ ജില്ലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, വിവിധ നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുക, സംരംഭകരുടെ നൂതന ആശയങ്ങളും നിക്ഷേപ സാധ്യതകളും ചര്‍ച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സംരംഭകര്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എം.എല്‍.എ ഉപഹാരം നല്കി. സംഗമത്തില്‍ 110 സംരംഭകര്‍ അവരുടെ ആശയങ്ങളും കര്‍മപരിപാടികളും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. സംരംഭകരുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്കി.
ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, കെ.എസ്.എസ്.ഐ.എ ജില്ല സെക്രട്ടറി കരീം, എ.ഡി.പി മുരളീധരന്, മലപ്പുറം ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.വി. അന്‍വര്‍, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍മാരായ എ.കെ. റഹ്മത്തലി, എ. അബ്ദുല്ലത്തീഫ്, കെ. ലതിക, സി.കെ. മുജീബ് റഹ്മാന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.