സഹകരണ ബാങ്കുകളിലെ ക്രമക്കേട്; കർശന നടപടിയുമായി രജിസ്ട്രാർ
text_fieldsമലപ്പുറം: സഹകരണ ബാങ്കുകളിലെ ഇടപാടുകളിലും നിയമനങ്ങളിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ അഴിമതി തടയാൻ സംസ്ഥാന സർക്കാർ. വായ്പ അനുവദിക്കുന്നതിലടക്കം വ്യാപക തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്നാണ് സഹകരണ വകുപ്പ് രജിസ്ട്രാറുടെ നടപടി. ബ്രാഞ്ചുകളിലടക്കം ജീവനക്കാർ ഒരു സെക്ഷനിൽ രണ്ട് വർഷത്തിൽ കൂടുതൽ അനുവദിക്കില്ല.
കമ്പ്യൂട്ടർ പാസ്വേർഡുകൾ കൃത്യമായ ഇടവേളകളിൽ മാറ്റുക, സോഫ്റ്റ്വെയറുകളുടെ സുരക്ഷ ഓഡിറ്റ് അംഗീകൃത ഏജൻസികൾ വഴി ഭരണസമിതി ഉറപ്പുവരുത്തുക, ഇേൻറണൽ ഓഡിറ്റർ നിലവിലുള്ള സംഘങ്ങളിൽ ബ്രാഞ്ചുകളുടെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിച്ച് ഭരണസമിതിക്ക് എല്ലാ മാസവും റിപ്പോർട്ട് സമർപ്പിക്കുക, നിയമന വ്യവസ്ഥകൾ ഉറപ്പുവരുത്തുക തുടങ്ങിയ കർശന നിർദേശങ്ങളാണ് ഭരണസമിതികൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് മേലൊപ്പ് വെക്കാൻ അസി. രജിസ്ട്രാറെ ചുമതലപ്പെടുത്തി.
ജോലി ലഭിക്കാനും പ്രമോഷനും ജീവനക്കാർ വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണിത്. നിലവിൽ സർട്ടിഫിക്കറ്റുകൾ ഭരണസമിതികൾ മാത്രമാണ് പരിശോധിച്ചിരുന്നത്.
ഉത്തരവുകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. സ്വർണപണയം, വായ്പ, നിക്ഷേപം എന്നിവയിലാണ് ഗുരുതര ക്രമക്കേടുകൾ നടക്കുന്നത്. സോഫ്റ്റുവെയറുകൾ ഉപയോഗിക്കുന്നവരടക്കമുള്ള ജീവനക്കാർ സ്വാധീനം ഉപയോഗിച്ച് ഒരേ തസ്തികയിൽ കൂടുതൽ കാലം തുടരുന്നതും വഴിവിട്ട നീക്കങ്ങൾക്ക് കാരണമാവുന്നതായി കണ്ടെത്തിയിരുന്നു.
ഓഡിറ്റർമാർ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുന്നതും പതിവായിരുന്നു. സഹകരണ വകുപ്പിൽ നിന്ന് ഓഡിറ്റർമാരെ സംഘങ്ങളിലേക്ക് അയക്കുകയും അവർക്കുള്ള ശമ്പളം അതത് സ്ഥാപനങ്ങൾ ട്രഷറിയിൽ അടക്കുകയും ചെയ്യും. എന്നാൽ, ഓഡിറ്റർമാർ പലപ്പോഴും പരിശോധനക്കെത്താറില്ല. ഇവർ വരാതിരിക്കുന്നത് സൗകര്യമായതിനാൽ ആരും പരാതിപ്പെടാറുമില്ല. പുതിയ നിർദേശങ്ങൾ നടപ്പാവുകയാണെങ്കിൽ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ തടയിടാനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.