കടലാമകൾക്കിത് മുട്ടയിടും കാലം
text_fieldsപെരുമ്പടപ്പ്: കടലോരങ്ങളിൽ ഇത് ആമകൾ മുട്ടയിടുന്ന കാലം. ആമകൾ എത്തുന്നതോടെ മുട്ടകൾ സംരക്ഷിക്കാൻ കടലോരത്ത് സുരക്ഷകൂട് ഒരുക്കി. കടലാമ സംരക്ഷകരായ പാലക്കൽ ഹംസു, കമറു എന്നിവരുടെ നേതൃത്വത്തിലാണ് വനം വകുപ്പിന്റെ സഹകരണത്തോടെ മന്ദലാംകുന്ന് ബീച്ചിൽ കൂട് ഒരുക്കിയത്.
ഈ വർഷം ബദർപള്ളി, മൂന്നയിനി, മന്ദലാംകുന്ന് കടലോരങ്ങളിൽ കടലാമകൾ മുട്ടയിടാൻ കയറിയിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം മുട്ടകൾ ലഭിച്ചതായും ഇവ കൂട്ടിൽ വിരിയിച്ച് ഇറക്കാൻ വെച്ചതായും ഇവർ പറഞ്ഞു. ശക്തമായ ചൂടിലാണ് മുട്ടകൾ വിരിയുന്നത്. ഏകദേശം 52 ദിവസമാണ് കടലാമയുടെ മുട്ടകൾ വിരിയാനുള്ള സമയം. വിരിഞ്ഞിറങ്ങുന്നത് വരെ പൂർണസംരക്ഷണം നൽകുമെന്നും കടലാമ സംരക്ഷകർ പറഞ്ഞു. മന്ദലാംകുന്ന് ബീച്ച് കേന്ദ്രമായി കടലാമ സംരക്ഷണ പ്രവർത്തനം തുടങ്ങിയിട്ട് 12 വർഷത്തോളമായി.
കടലോരങ്ങളിൽ ആമകൾ മുട്ടയിടാനെത്തുമ്പോൾ മുട്ടകൾ കൊണ്ടുപോകുന്ന സാമൂഹികദ്രോഹികൾ മുമ്പ് കടലോരത്ത് സജീവമായിരുന്നു. സംരക്ഷണ പ്രവർത്തകർ ശക്തമായി രംഗത്ത് വന്നതിനാൽ കടലാമകൾ വംശനാശ ഭീഷണിയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. സംരക്ഷണ പ്രവർത്തകർ ഈ അഞ്ച് മാസം കടലോരത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.