വർഷം രണ്ടാവുന്നു; സൗഹാൻകാണാമറയത്ത് തന്നെ
text_fieldsഅരീക്കോട്: വെറ്റിലപ്പാറയിൽ ചൈനങ്ങാട് പൂളക്കൽ ഹസ്സൻകുട്ടി-കദീജ ദമ്പതികൾ രണ്ടു വർഷമായി വഴിക്കണ്ണുമായി കാത്തിരിക്കുകയാണ്, 15 കാരൻ മുഹമ്മദ് സൗഹാൻ കളിചിരികളുമായി തങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ. ദമ്പതികളുടെ ഇളയ മകൻ സൗഹാനെ കാണാതായിട്ട് രണ്ടു വർഷമായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
2021 ആഗസ്റ്റ് 14ന് രാവിലെ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഭിന്നശേഷിക്കാരനായ സൗഹാൻ അപ്രത്യക്ഷനായത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് കുട്ടിയെ കാണാതായെന്ന് പറയുന്ന ചെകുന്ന് മലയുടെ വിവിധ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. ശേഷം വനവകുപ്പ്, പൊലീസ്, അഗ്നിരക്ഷസേന, സന്നദ്ധ സംഘടനകൾ ഉൾപ്പെടയുള്ളവർ സംയുക്തമായി മലയിൽ തിരച്ചിൽ നടത്തി. തുടർന്നും വിവിധ സേനകൾ ഒരാഴ്ചയോളം മലയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പോലീസ് മേൽനോട്ടത്തിലായിരുന്നു അന്വേഷണം. തമിഴ്നാട്, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിൽ അരീക്കോട് പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
എന്നാൽ കാണാതായിട്ട് ആഗസ്റ്റ് 14 ന് രണ്ടുവർഷം ആകുമ്പോഴും ഒരു തുമ്പും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സൗഹാൻ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ജില്ല പൊലീസ് മേധാവി, ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ട് ഏകദേശം ഒരു വർഷമാകുമ്പോഴും വീട്ടുകാരുടെ കാത്തിരിപ്പിനുത്തരമില്ല. രണ്ടു വർഷമാകുമ്പോഴും മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പിതാവ് ഹസൻകുട്ടിയും മാതാവ് കദീജയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.