ചേലേമ്പ്രയിൽ ജൽജീവൻ മിഷൻ അവലോകനയോഗം
text_fieldsചേലേമ്പ്ര: ജൽജീവൻ മിഷൻ പ്രവൃത്തിയുടെ മെല്ലെപ്പോക്കിനെ തുടർന്ന് നിർവഹണ വകുപ്പായ ജല അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ചുചേർത്തു. കാലവർഷം ശക്തി പ്രാപിച്ചതോടെ ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൊളിച്ച റോഡുകൾ താറുമാറായതിലും പണി ഇഴഞ്ഞുനീങ്ങുന്നതിലും പ്രവൃത്തിയിലെ പോരായ്മകളിലും ജനപ്രതിനിധികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്നുള്ള പ്രവൃത്തികൾ വേഗത്തിൽ ചെയ്യാനും പഞ്ചായത്തിലെ തകർന്ന പ്രധാനപ്പെട്ട റോഡുകൾ എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിലാക്കാനും നിർദേശം നൽകി. പല റോഡുകളിലൂടെയും സ്കൂൾ വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പോകാനും കാൽനടയാത്രക്കും പ്രയാസം നേരിടുന്ന അവസ്ഥയാണ് ഉള്ളത്.
306 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ട സ്ഥാനത്ത് 124 കിലോമീറ്റർ മാത്രമേ പൂർത്തിയായുള്ളൂ. 7,641 ഗാർഹിക കണക്ഷൻ കൊടുക്കേണ്ട സ്ഥാനത്ത് 2,086 എണ്ണം പൂർത്തിയാക്കി. 18 കിലോമീറ്റർ റോഡുകൾ അറ്റകുറ്റപ്പണി ചെയ്യാനുണ്ട്. റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ പത്തു കോടി അനുവദിച്ചെങ്കിലും പ്രവൃത്തി തുടങ്ങാനുള്ള ഒരു നടപടിയും ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചിട്ടുമില്ല. ശുദ്ധീകരണശാലയുടെയും കിണറിന്റെയും പണി 80 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജോബി ജോസഫ്, അസിസ്റ്റന്റ് എൻജിനീയർ ഷിബിൻ, പഞ്ചായത്ത് സെക്രട്ടറി ആയിഷ റഹ്ഫത് കോയ, അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.